2017ല്‍ യേശുദാസിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനത്തിന്‍റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍: വൈറലായി ഷിബു ബേബി ജോണിന്‍റെ കുറിപ്പ്

തന്‍റെ ആയുര്‍വേദ ചികിത്സയ്ക്കായി തൃശൂരിലെത്തിയപ്പോഴാണ് ഷിബു ബേബി ജോണ്‍ പ്രേംദാസിനെ കണ്ടുമുട്ടിയത്

Update: 2021-06-10 02:33 GMT
By : Web Desk
2017ല്‍ യേശുദാസിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനത്തിന്‍റെ  രചയിതാവ് ഇന്ന് തോട്ടക്കാരന്‍: വൈറലായി ഷിബു ബേബി ജോണിന്‍റെ കുറിപ്പ്
AddThis Website Tools
Advertising

പി ടി കുഞ്ഞുമുഹമ്മദിന്‍റെ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിനായിരുന്നു 2017ല്‍ യേശുദാസിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. പോയ്‍മറഞ്ഞ കാലം വന്നു ചേരുമോ, പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ എന്ന ഈ ഗാനമെഴുതിയ പ്രേംദാസ് ഇപ്പോള്‍ എവിടെയാണ് എന്ന് കാണിച്ചു തരികയാണ് മുന്‍ മന്ത്രി കൂടിയായ ഷിബു ബേബി ജോണ്‍.

തന്‍റെ ആയുര്‍വേദ ചികിത്സയ്ക്കായി തൃശൂരിലെത്തിയപ്പോഴാണ് ഷിബു ബേബി ജോണ്‍ പ്രേംദാസിനെ കണ്ടുമുട്ടിയത്. കഴിഞ്ഞ 14 വര്‍ഷമായി കഴിവതും സ്ഥിരമായി താന്‍ ഇവിടെ വരാറുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ എഫ് ബി പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. സ്ഥിരമായി വരുന്നതിനാല്‍ ജീവനക്കാരുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പറയുന്നു. ഇത്തവണ ചികിത്സയ്ക്കിടെ നടക്കാനിറങ്ങിയപ്പോള്‍ ഒരു പുതിയ തോട്ടക്കാരനെ കണ്ടപ്പോള്‍ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പില്‍ നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്ന് ഷിബു കുറിപ്പില്‍ പറയുന്നു. പോയ്‍മറഞ്ഞ കാലം എന്ന ഗാനത്തിന്‍റെ രചയിതാവായ പ്രേംദാസ് ആയിരുന്നു അത്. 2017 ല്‍ ആ ഗാനത്തിനായിരുന്നു യേശുദാസിലൂടെ വീണ്ടും ദേശീയ അവാര്‍ഡ് കേരളത്തിന് ലഭിച്ചത്.

ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്‍റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് ഷിബു ബേബി ജോണ്‍ തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഷിബു ബേബി ജോണിന്‍റെ പോസ്റ്റ് വായിക്കാം:

കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്.

ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിൻ്റെ പേര് പ്രേം ദാസ്. 2017 ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിൻ്റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവാണ് പ്രേം.മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.

ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിൻ്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം.

മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.

Full View


Full View


Tags:    

By - Web Desk

contributor

Similar News