'ഏകാന്ത ചന്ദ്രികേ...' പാടേണ്ടത് എന്നെ നോക്കിയായിരുന്നു,പക്ഷെ സംഭവിച്ചത്: മാല പാർവതി
ദൂരദർശന്റെ ബൈജുവേട്ടൻ ദിലീപ് സാറും ഒക്കെ അച്ഛൻറെ സിസ്റ്ററിന്റെ അടുത്ത് എന്നെ അഭിനയിക്കാൻ വിടുമോ എന്ന് ചോദിച്ചു
നായകനെയും നായികയെയും മുന്നില്‍ കണ്ടെഴുതുന്ന ചിത്രങ്ങളുണ്ട്. അതുപോലെ കഥ പൂര്‍ത്തിയായ ശേഷം താരങ്ങളെ തീരുമാനിക്കുന്ന പതിവുമുണ്ട്. എന്നാല്‍ നേരത്തെ തീരുമാനിച്ച നടീനടന്‍മാരെ കിട്ടില്ലെങ്കില്‍ പകരം ആളെ വച്ച് ആ സിനിമ ഹിറ്റാകുന്ന ചരിത്രവമുണ്ട്. അത്തരമൊരു കഥയാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിനുള്ളത്. ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി മാലാ പാര്‍വതി.
ഗീത വിജയന്‍ അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും വീട്ടില്‍ നിന്നും വിടാത്തതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തില്‍ മാല പറഞ്ഞു. പുതിയ വെബ് സീരീസായ മാസ്റ്റർ പീസിന്‍റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനെത്തിയതായിരുന്നു താരം. ചിത്രത്തിലെ മറ്റൊരു താരമായ അശോകനും താരത്തിനൊപ്പം ഉണ്ടായിരുന്നു.
ഏകാന്ത ചന്ദ്രികേ മാലാ പാർവ്വതിയെ നോക്കിയായിരുന്നു പാടേണ്ടിയിരുന്നതെന്ന് അവതാരിക പറഞ്ഞപ്പോൾ അത് തനിക്കറിയില്ലെന്നായിരുന്നു അശോകൻ പറഞ്ഞത്. ഈ സമയത്താണ് മാലാ പാർവതി ഇക്കാര്യം സ്ഥിരീകരിച്ച് എത്തുന്നത്. ഗീതാ വിജയന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നാണ് മാല പറഞ്ഞത്.
മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ: 'ഇൻ ഹരിഹർ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദർശന്റെ ബൈജുവേട്ടൻ ദിലീപ് സാറും ഒക്കെ അച്ഛൻറെ സിസ്റ്ററിന്റെ അടുത്ത് എന്നെ അഭിനയിക്കാൻ വിടുമോ എന്ന് ചോദിച്ചു. ഇൻ ഹരിഹർ നഗറിലേക്ക് കാസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ആയിരുന്നു. പക്ഷേ വീട്ടിൽ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോൾ അവൾ പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകൻ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയിൽ അഭിനയിക്കാൻ പോയതിന് അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടിയിരുന്നു,' മാല പാർവതി പറഞ്ഞു.