'അഞ്ച് ഡോക്ടർമാരെയാണ് കണ്ടത്, 10 മണിക്കൂർ മേക്കപ്പിട്ട് നിന്നു, വെയിലേറ്റ് പൊള്ളി'; തങ്കലാനെക്കുറിച്ച് മാളവിക

ചിത്രീകരണസമയത്ത് പോത്തിന്റെ പുറത്ത് ഡ്യൂപ്പില്ലാതെ കയറിയ അനുഭവത്തെക്കുറിച്ചും മാളവിക പറയുന്നുണ്ട്.

Update: 2024-07-27 13:58 GMT
Advertising

വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. ആഗസ്റ്റ് 15ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. പ്രേക്ഷകർ വൻ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ തങ്കലാന്റെ ഷൂട്ടിങ് സമയത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനൻ. ഷൂട്ടിങ്ങിനുശേഷം അഞ്ച് ഡോക്ടർമാരെയാണ് കാണേണ്ടിവന്നതെന്നാണ് നടി പറയുന്നത്. പ്രൊമോഷൻ പരിപാടിക്കിടെയാണ് മാളവികയുടെ വെളിപ്പെടുത്തൽ. 

'ഒരു ഡെർമറ്റോളജിസ്റ്റും ഒരു നേത്രരോ​ഗ വിദ​ഗ്ധനും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഡോക്ടർമാരെ ഞാൻ കണ്ടു. 10 മണിക്കൂർ മേക്കപ്പിട്ടിരുന്നപ്പോൾ ദേഹത്ത് കലകൾ വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ഒരുപാടുനേരം വെയിലത്ത് നിൽക്കേണ്ടി വന്നിരുന്നു. ആ സമയത്ത് അതേക്കുറിച്ചൊന്നും ചിന്തിക്കാൻ സമയമില്ലായിരുന്നു. എന്നാൽ, പിന്നീട് അവിടേയും ഇവിടേയുമൊക്കെ പൊള്ളലേറ്റ പാടുകൾ കണ്ടു'- മാളവിക പറയുന്നു.  

ചിത്രീകരണസമയത്ത് പോത്തിന്റെ പുറത്ത് ഡ്യൂപ്പില്ലാതെ കയറിയ അനുഭവത്തെക്കുറിച്ചും മാളവിക വിശദീകരിക്കുന്നുണ്ട്. 'ഞാൻ മേക്കപ്പൊക്കെ ചെയ്ത് സ്പോട്ടിലെത്തിയപ്പോഴാണ് പോത്തിനെ കാണുന്നത്. പാ രഞ്ജിത്ത് അതിന്റെ സമീപത്ത് നിൽക്കുന്നത് കണ്ടു. എന്താണ് സംഭവമെന്നറിയാൻ പുള്ളിയുടെ അടുത്ത് ചെന്നപ്പോഴാണ് പോത്തിനെ കാണിച്ചിട്ട് കൊള്ളാമോ എന്ന് ചോദിച്ചത്. കൊള്ളാമെന്ന് പറഞ്ഞപ്പോൾ അതിന്റെ പുറത്ത് കയറി ഇരിക്കാൻ പറഞ്ഞു. ആദ്യം തമാശയാണെന്നാണ് കരുതിയത്. പക്ഷെ വീണ്ടും പറഞ്ഞപ്പോൾ ഞാൻ അതിന്റെ പുറത്ത് കയറിയിരുന്നു. ആ സീനിനെക്കുറിച്ച് മുൻകൂട്ടി ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് ഞാൻ പെട്ടെന്ന് ഷോക്കായിപ്പോയിരുന്നു' മാളവിക തുടർന്നു. 

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് തങ്കലാന്റെ നിർമാണം. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തും. ജി.വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോർ കുമാറും ചിത്രസംയോജനം സെൽവ ആർ.കെയുമാണ് നിർവഹിച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News