മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ അവസരം; വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങി താരം
മമ്മൂട്ടിയും ദുൽഖറും വര്‍ഷങ്ങളോളം താമസിച്ച ഈ വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്


കൊച്ചി: കൊച്ചിക്കെപ്പോഴും പരിചിതനായ താരമാണ് നമ്മുടെ മമ്മൂട്ടി. പനമ്പിള്ളി നഗര്‍ എന്ന് കേൾക്കുമ്പോൾ തന്നെ മമ്മൂട്ടിയെ ആയിരിക്കും പലര്‍ക്കും ഓര്‍മ വരിക. കാരണം മെഗാതാരം ജീവിതത്തിന്‍റെ നല്ലൊരു പങ്കും ചെലവഴിച്ചത് പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു. മമ്മൂട്ടിയും ദുൽഖറും വര്‍ഷങ്ങളോളം താമസിച്ച ഈ വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്.
പനമ്പിള്ളി നഗര്‍ കെ.സി.ജോസഫ് റോഡിലെ ഈ വീട്ടിൽ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. വൈറ്റില, അമ്പേലിപ്പാടം റോഡിലാണ് പുതിയ വീട്. മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനെത്തുന്ന ആരാധകരെത്തുന്നത് പഴയതു പോലെ തന്നെ പനമ്പിള്ളിനഗറിലേക്കാണ്. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേൽനോട്ടത്തിൽ എക്സ്ക്ലൂസീവായി ഡിസൈൻ ചെയ്ത വീടാണ് പനമ്പള്ളി നഗറിലേത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് മമ്മൂട്ടിയുടെ വീട്ടില്‍ താമസം എന്ന പദ്ധതിക്ക് പിന്നില്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടെ താമസിക്കാനായി സാധിക്കും. പ്രൈവറ്റ് തിയേറ്റര്‍, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പര്‍ട്ടി ടൂര്‍ ഉള്‍പ്പെടെ ഒരു രാത്രി ഇവിടെ തങ്ങാന്‍ 75000 രൂപയാണ് ഈടാക്കുക.
ആരാധകര്‍ക്ക് പുത്തൻ അനുഭവമായിരിക്കും ഈ വീട് സമ്മാനിക്കുന്നത്. ഓരോ മുറിക്കും ഒരായിരം കഥകൾ പറയാനുണ്ടാകും. മമ്മൂട്ടിയും ഭാര്യ സുൽഫത്തും സുറുമിയും ദുൽഖറുമെല്ലാം താമസിച്ച് വീട്...എല്ലാം കൊണ്ടും ആരാധകര്‍ക്ക് ത്രില്ലിങ്ങായ അനുഭവമായിരിക്കും സമ്മാനിക്കുക.
മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളർന്നതും വൈക്കം ചെമ്പിലുള്ള വീട്ടിലാണ്. 120 വർഷത്തിലേറെ പഴക്കമുള്ള ഈ വീട് ഇപ്പോഴും പഴമയുടെ സൗന്ദര്യത്തോടെ സംരക്ഷിക്കുന്നുണ്ട്.