5 വർഷം മുൻപ് എഴുതി, മുഖ്യമന്ത്രിയോടും പറഞ്ഞു: പക്ഷേ ? ബ്രഹ്മപുരം തീപിടിത്തത്തില്‍ മോഹൻലാൽ

ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്

Update: 2023-03-13 07:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: തന്‍റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി തന്‍റെ ഏറ്റവും വലിയ വേദനയെന്നു നടന്‍ മോഹൻലാൽ. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും ലാൽ പറഞ്ഞു. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം.

ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഞാൻ പൊഖറാനിൽ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടുവെന്ന്.ആരും സ്ഥിരമായി അന്യ നാട്ടിൽ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താൽക്കാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇത് ആരുടെ വീഴ്ചായാണെന്നു തർക്കിക്കുമ്പോൾ ഇതിനുള്ള അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്.ഈ പുക കൊച്ചിയിൽ മാത്രം നിൽക്കുമെന്നു കരുതരുത്. അതു ലോകത്തിന്‍റെ പല ഭാഗത്തും പല തരത്തിൽ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നിൽക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വർഷം മുൻപു ഞാനൊരു കുറിപ്പിൽ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാൻ മുഖ്യമന്ത്രിക്കും നൽകിയിരുന്നു.

ആളുകൾ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം.സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിന്തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോൾ നാം സംസ്കരണത്തിനു സജ്ജമാകുമെന്നാണ്.

തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ ഞാ‍ൻ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചർച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനൽ എവിടെയോ ബാക്കി കിടക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News