'മോഹൻലാലിനെ കുറച്ചുപേർ ടാർഗെറ്റ് ചെയ്യുന്നു, എന്തിനാണെന്ന് മനസിലാകുന്നില്ല'; ഷാജി കൈലാസ്
''അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ പോലും പതറിപ്പോകുന്നു''
12 വർഷത്തിന് ശേഷം മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു എലോൺ. എന്നാൽ, പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ചിത്രം വൻ പരാജയമാണ് തിയേറ്ററിൽ നേരിട്ടത്. നിരവധി വിമർശനങ്ങളും സിനിമയെക്കുറിച്ച് ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജികൈലാസ്.
മോഹൻലാലിനെ അടുത്ത കാലത്തായി കുറച്ച് പേർ ടാർഗറ്റ് ചെയ്യുന്നതായും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈയടുത്തായി മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നതായി കാണുന്നു.. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാക്കുന്നതെന്ന് മനസിലാകുന്നേയില്ല. ഇതെല്ലാം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെയും വിഷമിപ്പിക്കുന്നു. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇതിന് പിന്നിൽ..അതിൽ അവർ സന്തോഷം കണ്ടെത്തുന്നു. എന്നാൽ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ബാക്കിയുള്ളവരാണ് ഇതിൽ വിഷമിക്കുന്നത്'.. ഷാജി കൈലാസ് പറഞ്ഞു.
''പണ്ട് പല മാസികകളിലും പടം മോശമാണെന്ന് പറഞ്ഞ് എഴുതുമായിരുന്നു. എന്നാൽ ഇന്നത് ഓരോ ദിവസവും നടക്കുന്നു. അതിൽ നമുക്ക് ഒന്നും പറയാനാകില്ല.. ഇനി എന്തെങ്കിലും പറഞ്ഞാൽ അഭിപ്രായസ്വാതന്ത്രത്തിൽ കൈകടത്തിയെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും.. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. വിമർശിച്ചോട്ടെ..പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയുടെ പിറകിലുള്ള കുടുംബങ്ങളെയാണ്...സിനിമയെ ഈസിയായി വിമർശിക്കാം..എല്ലാ വിമർശനങ്ങളും ടാർഗറ്റൈഡ് ആയിട്ടാണ്...''ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
ജനുവരി 26 നാണ് എലോൺ തിയേറ്ററിൽ എത്തിയത്. ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചിരുന്നത്.