കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം പിറകോട്ട് പോവുകയാണോ? 'വെയിൽ' സിനിമയെ കുറിച്ച് സംവിധായകൻ ഭദ്രൻ

ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തിൽ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നുവെന്നും ഭദ്രൻ കുറിച്ചു.

Update: 2022-02-28 12:05 GMT
Editor : abs | By : Web Desk
Advertising

ഷെയിൻ നിഗം നായകനായി തിയറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വെയിൽ. നവാഗതനായ ശരത് ആണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വെയിലിന് തീയേറ്ററിൽ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്നതാണ് സംശയമെന്നും ഭദ്രൻ കുറിക്കുന്നു. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികൾ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ. അവാർഡ് കമ്മിറ്റി ജൂറിയിൽ, സർവ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓർക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തിൽ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നുവെന്നും ഭദ്രൻ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

സിനിമകൾ കണ്ട്, കൂടെ കൂടെ ഞാൻ അഭിപ്രായങ്ങൾ എഴുതുന്നത് ഒരു നിരൂപകൻ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. അതിലൂടെ വരുന്ന പ്രതികരണങ്ങൾ കണ്ട് ഞാൻ ഉന്മാദം കൊള്ളാറുമില്ല. പക്ഷേ, അടുത്ത ദിവസങ്ങളിൽ തീയേറ്ററുകളിൽ ഇറങ്ങിയ 'വെയിലി'നെ കുറിച്ച് പറയാതിരിക്ക വയ്യ ഞാൻ ഏത് സാഹചര്യത്തിലാണ് വെയിൽ കാണുകയുണ്ടായത് എന്ന് ' ഭൂതകാലം ' കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി. അതുകൊണ്ട് അത് ആവർത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തീയേറ്ററിൽ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല? ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായിൽ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേൾക്കുന്നു.ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തിൽ എത്തിക്കുന്നത്, ഒരു നല്ല കണ്ടെന്റിന്റെ എക്‌സിക്യൂഷനും പരസ്യ tactics കളും ആണെന്ന് ആർക്കാണ് അറിവില്ലാത്തത്. അത്യാവശ്യം നല്ല ഒരു കഥയെ ബോഗികൾ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ. അവാർഡ് കമ്മിറ്റി ജൂറിയിൽ, സർവ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓർക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തിൽ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയിനിന്റെ സിദ്ധുവും ഒപ്പം, നിൽക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ(sruthi) ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള പെർഫോമൻസും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളിൽ വീർപ്പുമുട്ടിച്ചു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ചെറുപ്പക്കാർ, വളരെ മുൻപന്തിയിൽ വരാൻ ചാൻസ് ഉള്ള ഈ ഹീറോ മെറ്റലിനെ തീയേറ്ററിൽ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ? നിങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങൾ വളരുക.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News