കെ.ജി. ജോര്‍ജ്: ഇതിഹാസം യവനികക്കുള്ളില്‍ മറയുമ്പോള്‍

തന്റെ ജീവിതത്തിന്റെ സായാഹ്‌നകാലത്ത് നരവീണ ബുള്‍ഗാന്‍ താടിയും വീൽചെയറുമായി അദ്ദേഹം എവിടെയോ ഒതുങ്ങിക്കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ പോസ്റ്റുകളിലും റീല്‍സുകളിലും ട്രോളുകളിലുമെല്ലാമായി ജീവിപ്പിച്ചുകൊണ്ടേയിരുന്നു.

Update: 2023-09-24 08:37 GMT
Editor : safvan rashid | By : safvan rashid
Advertising

കെ.ജി ജോര്‍ജ് തന്റെ അവസാന സിനിമയായ ‘ഇലവങ്കോട് ദേശം’ ഒപ്പിയെടുക്കുമ്പോൾ ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന് പ്രായം പതിനഞ്ചാണ്. പക്ഷേ സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് ചുവരുകളില്‍ മലയാളികള്‍ കെ.ജി. ജോര്‍ജെന്ന പേര് എത്രയോ തവണ കോറിയിട്ടു, നെടുനീളന്‍ കുറിപ്പുകളെഴുതി, ഫേസ്ബുക്കിലെ ഇമോജികള്‍ ചേര്‍ത്ത് ലെജന്‍ഡ് എന്നെഴുതി, ബഹുവർണ പ്രകാശം നിറഞ്ഞ വേദിയിൽ വെച്ച് ആദരിച്ചു..

ഏറെക്കുറെ പത്മരാജന് സമാനമായ അവസ്ഥതന്നെയാണ് കെ.ജി. ജോര്‍ജിനുമെന്ന് പറയാം. താന്‍ സിനിമയില്‍ സജീവമായ കാലത്തേക്കാള്‍ താരത്തിളക്കവും വായനകളും ബഹുമാനവും സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തിന് കല്‍പ്പിച്ചുനല്‍കിയിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ സായാഹ്‌നകാലത്ത് നരവീണ ബുള്‍ഗാന്‍ താടിയും വീൽചെയറുമായി അദ്ദേഹം എവിടെയോ ഒതുങ്ങിക്കഴിയുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളെ പോസ്റ്റുകളിലും റീല്‍സുകളിലും ട്രോളുകളിലുമെല്ലാമായി ജീവിപ്പിച്ചുകൊണ്ടേയിരുന്നു.


അടൂരും അരവിന്ദനുമെല്ലാം ആഘോഷിക്കപ്പെട്ടിരുന്ന 70കളുടെ അവസാനത്തിലും 80കളിലുമാണ് കെ.ജി ജോര്‍ജും ചലച്ചിത്രവേദികളില്‍ സജീവമായിരുന്നത്. പക്ഷേ ആ ശ്രേണിയിലേക്ക് ജോര്‍ജിന്റെ സിനിമകള്‍ എണ്ണപ്പെട്ടോ എന്നത് സംശയമാണ്. സമാന്തര വേദികള്‍ക്കായി നിർമിച്ചതോ എലൈറ്റ് ക്ലാസിന്റെ ഭാഷയിൽ ഉരുക്കിയൊഴിച്ചതോ ആയിരുന്നില്ല ജോര്‍ജിന്റെ സിനിമകള്‍. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ക്ക് വല്ലാത്ത പരിമിതിയുണ്ടായിരുന്ന കാലത്താണ് കാമറകൊണ്ടും ദൃശ്യങ്ങളുടെ ചേർത്ത്വെപ്പ് കൊണ്ടും ജോര്‍ജ് പുതിയ ഭാവുകത്വം തീര്‍ത്തത്. ക്രൈംതില്ലറുകളും സൈക്കോ ത്രില്ലറുകളും കാര്‍ട്ടൂണ്‍ സ്വഭാവത്തിലുള്ള ആക്ഷേപ ചിത്രങ്ങളും സ്ത്രീപക്ഷ ഭാഷ്യങ്ങളുമെല്ലാം അതിലുള്‍പ്പെടും. എല്ലാം ഒന്നിനൊന്ന് വൈവിധ്യമായ സിനിമകള്‍.

മലയാളത്തില്‍ പിറന്ന സ്ത്രീപക്ഷ സിനിമകളില്‍ ബെഞ്ച് മാര്‍ക്കായി രേഖപ്പെടുത്തപ്പെട്ട ‘ആദാമിന്റെ വാരിയെല്ലിന്’ ശേഷം കെ.ജി. ജോര്‍ജ് ഒരുക്കുന്നത് ഒരു പക്കാ സറ്റൈര്‍ സ്വഭാവത്തിലുള്ള ‘പഞ്ചവടിപ്പാല’മാണ്. തുടര്‍ന്ന് പോകുന്നത് ഇതില്‍ നിന്നൊന്നും യാതൊരു ബന്ധമില്ലാത്ത ഡാര്‍ക്ക് സൈക്കോ ത്രില്ലര്‍ സ്വഭാവത്തിലേക്കുള്ള ‘ഇരകളിലേക്ക്’. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ക്രൈംതില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട ‘യവനിക’, യുവമനസുകളുടെ ഹൃദങ്ങളിലെ ഓളങ്ങള്‍ ഒപ്പിയെടുത്ത ‘ഉള്‍ക്കടല്‍’, ഗ്രാമത്തിന്റെ 'നിഷ്‌കളങ്കതകളിലേക്ക്' കാമറ വെച്ച ‘കോലങ്ങള്‍’, സിനിമക്കുള്ളിലെ സിനിമാക്കഥകള്‍ ധൈര്യപൂര്‍വം തുറന്നിട്ട ‘ലേഖയുടെ മരണം; ഒരു ഫ്‌ളാഷ്ബാക്ക്’ എന്നിവയെല്ലാം ആ മഹാപ്രതിഭയുടെ വൈവിധ്യങ്ങളെ രേഖപ്പെടുത്തുന്നു.


മരംചുറ്റി പ്രണയവും പാട്ടുമായി മലയാള സിനിമ കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ നിന്നും സ്റ്റുഡിയോകളിലേക്ക് പറന്നുനടക്കുന്ന കാലത്താണ് കെ.ജി ജോര്‍ജ് മനുഷ്യമനസ്സുകളുടെ മാനസിക വ്യവഹാരങ്ങളെ ഒപ്പിയെടുക്കുന്ന 'സ്വപ്‌നാടന'വുമായി എത്തുന്നത്. ആദ്യ സിനിമക്ക് തന്നെ ലഭിച്ച ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ആ പ്രതിഭയുടെ മികവിനെ അടിവരയിടുന്നു. നായകനെന്ന കേന്ദ്രബിന്ദുവിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരുന്നില്ല ജോര്‍ജിന്റെ പ്രപഞ്ചം. മേള, യവനിക, ആദാമിന്റെ വാരിയെല്ല് അടക്കമുള്ള എന്നിങ്ങനെ ജോര്‍ജിന്റെ ഒരുപാട് സിനിമകളില്‍ മമ്മൂട്ടിയുണ്ട്. എന്നാല്‍ അതൊന്നും മമ്മൂട്ടി സിനിമകള്‍ അല്ലതാനും.

ജോര്‍ജിന്റെ സിനിമാപ്രപഞ്ചത്തിലെ സ്ത്രീകളെക്കുറിച്ച് അനേകം നിരീക്ഷണങ്ങളുണ്ട്. അതുവരെയുണ്ടായിരുന്ന സ്ഥിരം സ്ത്രീപക്ഷ ആഖ്യാനങ്ങളെയെല്ലാം ജോര്‍ജ് അട്ടിമറിച്ചതായി കാണാം. ഭര്‍ത്താവില്‍ നിന്നും ലഭിക്കാത്ത സംതൃപ്തിത്തേടിപ്പോകുന്ന ഇരകളിലെ ആനി, അച്ഛനോളം പ്രായമുള്ള അയ്യപ്പന്റെ ഭാര്യമായി ജീവിക്കുന്ന യവനികയിലെ ജലജ, ലൈംഗികതൊഴിലാളിയായി മാറേണ്ടി വരുന്ന ഈ കണ്ണികൂടിയിലെ അശ്വിനി, പേരും ടൈറ്റില്‍ കാര്‍ഡും മുതല്‍ വിപ്ലവ ഭാഷയുള്ള ആദാമിന്റെ വാരിയെല്ല് എന്നിവയെല്ലാം അതിനെ അടിവരയിടുന്നു.


ജീവിതത്തില്‍ കെ.ജി ജോര്‍ജ് എന്ന വ്യക്തി കൂടുതല്‍ ഉള്ളിലേക്ക് വലിയുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തേക്ക് തള്ളിവരുകയായിരുന്നുവെന്ന് കാണാം. പാലാരിവട്ടം പാലത്തില്‍ വിള്ളല്‍ വീണപ്പോള്‍ പഞ്ചവടിപ്പാലമായി, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വരുമ്പോള്‍ ആദാമിന്റെ വാരിയെല്ലായി, ഒ.ടി.ടിയില്‍ ജോജി വരുമ്പോള്‍ ഇരകളായി ജോര്‍ജ് ഓര്‍മിച്ചുകൊണ്ടേയിരുന്നു. എന്തിന് തിയേറ്ററുകളില്‍ വമ്പന്‍ പരാജമായ ഇലവങ്കോട് ദേശത്തിന് പോലും ക്ലാസിക് വായനകളുണ്ടായി. കാലത്തിന്റെ യവനികക്കുള്ളിലേക്ക് ജോര്‍ജ് മായുമ്പോഴും അദ്ദേഹം സൃ്ഷ്ടിച്ചെടുത്ത തബലിസ്റ്റ് അയ്യപ്പന്‍മാര്‍ സിനിമ പ്രേമികളുടെ ഉള്ളില്‍ മേളപ്പെരുക്കം തീര്‍ത്തുകൊണ്ടേയിരിക്കുന്ന​ു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - safvan rashid

Senior Content Writer

Similar News