ഹൗസ് ഫുൾ ഷോകളുമായി 'എന്ന് സ്വന്തം പുണ്യാളൻ'
ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമാണ് ചിത്രം പറയുന്നത്
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഉള്‍പ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലറായെത്തി തിയേറ്ററുകളിരൽ വിജയകരമായ പത്താം ദിനവും കടന്നിരിക്കുകയാണ് എന്ന് സ്വന്തം പുണ്യാളൻ. മികവുറ്റ കഥയും കഥാപാത്രങ്ങളും ചേർത്തുവെച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ മഹേഷ് മധു. ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ ഫാ. തോമസ് ചാക്കോ എന്ന കൊച്ചച്ചന്‍റെ ജീവിതം മുൻനിർത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിന്‍റെ ജീവിതത്തിലേക്ക് വന്ന് ചേരുന്നതായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വീട് നിറയെ പെൺമക്കളായ ചാക്കോയും ഭാര്യയും ഒരു ആൺകുട്ടിക്കുവേണ്ടി നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നർമവും സസ്പെൻസും ഫാന്‍റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്.
സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ബാലു വർഗ്ഗീസും അനശ്വര രാജനും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി ചെറിയ സസ്പെൻസും ഫാന്‍റസിയും ഒക്കെയായി കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും പ്രദർശനം തുടരുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വലിയ ബഹളങ്ങളൊന്നും ഇല്ലാതെയെത്തിയ ചിത്രം തിയേറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരെ മടക്കിക്കൊണ്ടുവന്നതായാണ് റിലീസ് കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.