'അനുവാദമില്ലാതെ ഗാനങ്ങളെടുത്തതിന് അഞ്ച് കോടി നൽകണം'; അജിത്ത് ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസയച്ച് ഇളയരാജ
മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു.


ചെന്നൈ: അജിത്തിന്റെ പുതിയ ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അദ്ദേഹം നോട്ടീസ് അയച്ചു.
തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിനാണ് നോട്ടീസ്. അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
1996ല്‍ പുറത്തിറങ്ങിയ 'നാട്ടുപുര പാട്ട്' എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ 'സകലകലാ വല്ലവ'നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ 'വിക്ര'ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഈണമിട്ട പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.
നോട്ടീസിലെ ആവശ്യങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു.
അതേസമയം ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല. അജിത്തിന്റെ 63ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നു.