റിലീസിന് പിന്നാലെ എംപുരാൻ ചോർന്നു; വ്യാജപതിപ്പുകൾ ഓൺലൈനിൽ
വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഡൗൺ ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിയമനടപടികൾക്കിടയാക്കും


കോഴിക്കോട്: മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എംപുരാന്റെ റിലീസിന് പിന്നാലെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്. ഫിൽമിസില്ല, മൂവിരുലെസ്, തമിഴ് റോക്കേഴ്സ് എന്നിവയുടെ വെബ്സൈറ്റുകളിലും ടെലഗ്രാമിലും സിനിമ ലഭ്യമായതായി ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജപതിപ്പ് വ്യാപകമായി ഷെയർ ചെയ്യുന്നത് സിനിമയുടെ കലക്ഷനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നിയമനടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. വ്യാജപതിപ്പുകൾ ഡൗൺ ലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിയമനടപടികൾക്കിടയാക്കും.
ആഗോള റിലീസായി എത്തിയ ചിത്രം ബുക്ക് മൈ ഷോയിൽ നിന്ന് മാത്രം 10 ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളിൽ ചിത്രം പ്രീ സെയിൽസ് ആയി ആഗോള തലത്തിൽ നേടിക്കഴിഞ്ഞു.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.