'വസ്ത്രങ്ങൾ ശരിയാക്കണം, അല്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടി വരും'; പത്താനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു.

Update: 2022-12-14 14:01 GMT
Advertising

ഭോപ്പാൽ: ദീപിക പദുകോണിന്റെ 'പത്താൻ' സിനിമക്കെതിരെ മുന്നറിയിപ്പുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. സോഷ്യൽമീഡിയയിൽ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബഹിഷ്‌കരണാഹ്വാനം മുഴങ്ങിയതെങ്കിൽ ഇപ്പോൾ ഒരു മന്ത്രി തന്നെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയിലെ ചില സീനുകളിൽ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കിൽ' ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു. 2016-ൽ ജെ.എൻ.യുവിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ ക്യാമ്പസിൽ സംഘ്പരിവാർ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരെ വിശേഷിപ്പിക്കാൻ ഹിന്ദുത്വ ഗ്രൂപ്പുകൾ വികസിപ്പിച്ചെടുത്തതാണ് 'തുക്‌ഡെ തുക്‌ഡെ ഗ്യാങ്' എന്ന പ്രയോഗം.

'ചിത്രത്തിലെ ചില സീനുകളും ദീപികയുടെ വസ്ത്രങ്ങളും ശരിയാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അല്ലെങ്കിൽ ഈ ചിത്രം മധ്യപ്രദേശിൽ അനുവദിക്കണോ വേണ്ടയോ എന്നത് ആലോചിക്കേണ്ട കാര്യമായിരിക്കും'-മിശ്ര പറഞ്ഞു.

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. അഞ്ച് വർഷത്തിന് ശേഷം കിങ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച ചിത്രത്തിലെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്ന് ബഹിഷ്‌ക്കരണാഹ്വാനങ്ങൾക്ക് ചൂട് പിടിച്ചത്. ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചാണ് പ്രചാരണം കൊഴുക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരായ ബഹിഷ്‌ക്കരണാഹ്വാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News