''ഇതിലും ഭേദം ആ പാകിസ്താനായിരുന്നു''; സുരേഷ് ഗോപിയുടെ 'മേം ഹൂം മൂസ' ടീസറെത്തി

ഇന്ത്യൻ ആർമിയില്‍ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്

Update: 2022-09-10 14:12 GMT
Advertising

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'മേ ഹൂം മൂസ'യുടെ ടീസര്‍ പുറത്തിറങ്ങി. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.സി.ജെ.റോയും തോമസ് തിരുവല്ലയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യൻ ആർമിയില്‍ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ്  ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞിരുന്നു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി,  പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 

'മേം ഹും മൂസ' ദേശീയത പറയുന്ന ചിത്രമാകുമെന്ന്  സുരേഷ് ഗോപി മുമ്പ് പറഞ്ഞിരുന്നു. ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

Full View

 വലിയ മുതൽ മുടക്ക്, വ്യത്യസ്ത ലൊക്കേഷനുകൾ, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ഈ ചിത്രത്തിൻ്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നുണ്ട്. നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും ചിത്രത്തിലടങ്ങിയിട്ടുണ്ട്. 

പുനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരിഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. രചന-രൂപേഷ് റെയ്ൻ. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഇ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം-സജിത് ശിവഗംഗ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്-ഷബിൽ, സിൻ്റോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി അയിരൂർ, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News