'ഇത്തരമൊരു പ്രമേയം മലയാളത്തിലാദ്യമായി, തിരക്കഥയാണ് നായകനും വില്ലനും' - മോഹൻലാൽ
മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മോൺസ്റ്റർ ഒക്ടോബർ 21ന് തിയറ്ററിലെത്തും
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി, കഴിഞ്ഞ ആറ് വർഷമായി പുലിമുരുകൻ ഒന്നാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ വീണ്ടും അതേ മെഗാഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുകയാണ്. മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിൽ വരുന്ന രണ്ടാമത്തെ ചിത്രമായ മോൺസ്റ്റർ ഈ വരുന്ന ഒക്ടോബർ 21 ന് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വീണ്ടുമൊരു ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ ഉറ്റുനോക്കി
ചരിത്ര വിജയം ആവർത്തിക്കുമോ എന്നാണ് പ്രേക്ഷകരും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിൻ്റെ നിർമാണം. ഏകദേശം പത്ത് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം ആദ്യമായി വീണ്ടും തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയും മോൺസ്റ്റാറിനുണ്ട്. മാസ് ചിത്രങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ എന്ന വിളിപ്പേരുള്ള സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവർ ഇത്തവണ പക്ഷേ ഒരുക്കുന്ന ചിത്രം ഒരിക്കലും ഒരു മാസ് ചിത്രമോ താര കേന്ദ്രീകൃത ചിത്രമോ അല്ലേയല്ല എന്നും തികച്ചും വ്യത്യസ്തമായ ത്രില്ലർ ചിത്രം ആണെന്നുമാണ് ഇരുവരുടെയും അവകാശവാദം.
വളരെയധികം ആശ്ചര്യങ്ങൾ ഒരുക്കിവെച്ചിരിക്കുന്ന ഒരു ചിത്രമാണ് എന്ന് അടിവരയിടുന്ന തരത്തിൽ രഹസ്യ സ്വഭാവം നിലനിർത്തുന്ന പരസ്യങ്ങളും വിശദീകരണങ്ങളുമാണ് ചിത്രത്തിലെ അഭിനേതാക്കളും അണിയപ്രവർത്തകരും മാധ്യമങ്ങൾക്ക് നൽകുന്നത്. ഇപ്പോഴിതാ മോഹൻലാൽ തന്നെ ആദ്യമായി ചിത്രത്തിൻ്റെ പ്രചരണാർത്ഥം ചില വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മലയാളത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകാം ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെടുന്നതെന്നും തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനുമെന്നും അദ്ദേഹം പറഞ്ഞു. ധാരാളം 'സർപ്രൈസ് എലെമെൻ്റുകൾ' ഒരുക്കി വെച്ചിരിക്കുന്ന ഒരു തിരക്കഥയാണ് ചിത്രത്തിൻ്റേതെന്നും ഇത്തരമൊരു ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
മോഹൻലാലിൻ്റെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് വീഡിയോ രൂപത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഹണി റോസ്, സുദേവ് നായർ, ലക്ഷ്മി മഞ്ചു, ലെന, സിദ്ദിഖ്, കെ. ബി. ഗണേഷ് കുമാർ, ജോണി ആൻ്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്. ആശിർവാദ് റീലീസ്, ഫാർസ് ഫിലിംസ് എന്നിവർ ചേർന്ന് ചിത്രം ലോകമെമ്പാടും വിതരണത്തിന് എത്തിക്കുന്നു. മാർക്കറ്റിംഗ്: സ്നേക്ക് പ്ലാൻ്റ്.