ഇതിന് മുമ്പ് ബാഹുബലി മാത്രം; മാർക്കോ നൂറോളം കൊറിയൻ സ്ക്രീനുകളിലേക്ക്
ദക്ഷിണേന്ത്യൻ സിനിമയുടെ ആഗോള സാന്നിധ്യം പുനർനിർവചിക്കുകയും ചെയ്തിരിക്കുകയാണ് മാർക്കോ
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിൽ തന്നെ വലിയൊരു നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും കിട്ടാത്ത ആ സ്വപ്ന നേട്ടത്തിൽ ഇതോടെ 'മാർക്കോ' എത്തിയിരിക്കുകയാണ്.
ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻമാരായ നൂറി പിക്ചേഴ്സുമായി ഒരു സുപ്രധാന ഡിസ്ട്രിബ്യൂഷൻ കരാർ ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയ 'ബാഹുബലി'യ്ക്ക് ശേഷം ദക്ഷിണ കൊറിയയിൽ നിന്നും ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമായി 'മാർക്കോ' മാറിയിരിക്കുകയാണ്. മാത്രമല്ല ഈ പങ്കാളിത്തത്തിലൂടെ ഏപ്രിലിൽ ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ 'മാർക്കോ' റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിലൂടെ ഒരു ഇന്ത്യൻ സിനിമയ്ക്ക് കൊറിയൻ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു അന്താരാഷ്ട്ര വേദിയിൽ ലഭിച്ചിരിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ കരിയർ തലത്തിൽ പുതിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ഇൻഡസ്ട്രിയുടെ ആഗോള അംഗീകാരം ഉയർത്തുന്നതിലൂടെ ഭാവിയിൽ ഒട്ടേറെ അന്താരാഷ്ട്ര സഹകരണങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് 'മാർക്കോ'.
1993 ൽ സ്ഥാപിതമായ നൂറി പിക്ചേഴ്സ് ദക്ഷിണ കൊറിയൻ ചലച്ചിത്ര വിതരണത്തിലെ ഒരു പ്രമുഖ ശക്തിയാണ്. കൊറിയൻ പ്രേക്ഷകർക്ക് ആകർഷകമായ അന്താരാഷ്ട്ര, ഹോളിവുഡ് ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും നൂറി പിക്ചേഴ്സ് മുന്നിലുണ്ട്. വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ സിനിമകളോടുള്ള കമ്പനിയുടെ സമർപ്പണം ഏഷ്യൻ ചലച്ചിത്ര വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരായി നൂറി പിക്ചേഴിസിനെ മാറ്റിയിട്ടുണ്ട്. നൂറി പിക്ചേഴ്സിന്‍റെ നേട്ടങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടിയാണിത്.
ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് നിർമിച്ചിരിക്കുന്ന 'മാർക്കോ' മലയാള ചലച്ചിത്ര വ്യവസായത്തിന് പുതിയ നാഴികക്കല്ലുകൾ സൃഷ്ടിച്ചുകൊണ്ട് ഈ ശ്രദ്ധേയമായ നേട്ടത്തിലൂടെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന മാർക്കോ ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചുകൊണ്ട് സൂക്ഷ്മമായി കോറിയോഗ്രഫി ചെയ്ത ആക്ഷൻ രംഗങ്ങളിലൂടെ സ്വർണക്കടത്തിന്‍റെ അപകടകരമായ ലോകത്തിനുള്ളിലെ പ്രതികാരത്തിന്‍റെയും വീണ്ടെടുക്കലിന്‍റെയും സങ്കീർണതകളുടേയും ശ്രദ്ധേയമായ ഒരു വിവരണമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
"ഞങ്ങളുടെ ആദ്യ ഇന്ത്യൻ പങ്കാളിത്തമായി 'മാർക്കോ' യെ കൊറിയൻ സിനിമാലോകത്തേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ലോകോത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഞങ്ങളെ ആകർഷിച്ചു. ഈ ചിത്രത്തിന് അന്താരാഷ്ട്ര വേദിയിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകാനുള്ള കഴിവുണ്ട്, ലോക സിനിമയിലെ ഈ ധീരമായ പുതിയ ശബ്‍ദം കൊറിയൻ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ചിത്രം കൊറിയൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ", 'മാർക്കോ'യുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് നൂറി പിക്ചേഴ്സ് സ്ഥാപകനും സിഇഒയുമായ യോങ്ഹോ ലീ പറഞ്ഞു.
റെക്കോർഡ് പ്രീ-സെയിൽ കളക്ഷനിലൂടെ ഇന്ത്യയിൽ വലിയ തരംഗമായിരിക്കുന്ന മാർക്കോ അതിന്‍റെ സാങ്കേതിക മികവ്, ശക്തമായ കഥപറച്ചിൽ, അഭിനേതാക്കളുടെ സമാനതകളില്ലാത്ത പ്രകടനമികവ് എന്നിവയിന്മേൽ ഇതിനകം പ്രശംസ നേടിയിട്ടുണ്ട്. കൊറിയൻ സിനിമ വിപണിയിലേക്കുള്ള മാർക്കോയുടെ പ്രവേശനം ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നിമിഷമാണ്. ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നിലയിൽ, ഈ നേട്ടം മലയാള സിനിമയുടെ വർധിച്ചുവരുന്ന ആഗോള ആകർഷണത്തിന് അടിവരയിടുക മാത്രമല്ല, മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ എടുത്തുകാണിച്ചിരിക്കുകയുമാണ്.
ഇന്ത്യൻ ചലച്ചിത്ര നിർമാതാക്കളും ദക്ഷിണ കൊറിയയും തമ്മിലുള്ള സഹകരണത്തിന് ഇത് അരങ്ങൊരുക്കുമെന്നാണ് കണക്കാക്കുന്നത്. ക്രോസ്-കൾച്ചറൽ കൈമാറ്റത്തിനുള്ള അപാരമായ സാധ്യതകള്‍ ഇതിലൂടെ കൈവന്നിരിക്കുകയാണ്. രണ്ട് സിനിമാ വ്യവസായങ്ങളെയും സമ്പന്നമാക്കുകയും ദക്ഷിണേന്ത്യൻ സിനിമയുടെ ആഗോള സാന്നിധ്യം പുനർനിർവചിക്കുകയും ചെയ്തിരിക്കുകയാണ് ഇതിലൂടെ മാർക്കോ.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.