മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറഞ്ഞ ചിത്രം; 'മേജർ' ഒടിടിയിൽ
തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സിനിമ ലഭ്യമാകും
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം മേജറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ മൂന്ന് മുതൽ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സിനിമ ലഭ്യമാകും.
ശശികിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തിയത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ. ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റുമായി ചേർന്ന് സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസാണ് നിർമ്മാണം.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. 7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ.ആർ.ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.