'ഈശോ'യുടെ പേരിൽ വിഷം ചീറ്റുന്ന 'ക്രിസ്ത്യാനി താലിബാ'നെ ഒറ്റപ്പെടുത്തണം: സക്കറിയ

"വിവാദമുണ്ടാക്കുന്നവര്‍ ഈശോ സ്വപ്നം കണ്ട സുന്ദരമാനവികതയെ ഇല്ലായ്മ ചെയ്യുന്നവര്‍"

Update: 2021-08-13 09:55 GMT
Editor : Suhail | By : Web Desk
Advertising

ഇശോ സിനിമാ വിവാദത്തിന്റെ പേരില്‍ വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ സക്കറിയ. സിനിമാ പേരിനെ ചൊല്ലി ബുദ്ധിശൂന്യരായ പുരോഹിതന്‍മാരും വിശ്വാസികളും ചെയ്തുകൂട്ടുന്ന പ്രവര്‍ത്തി ക്രൈസ്തവര്‍ക്കു തന്നെയാണ് നാണക്കേടുണ്ടാക്കുന്നതെന്നും സക്കറിയ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള മറ്റൊരു നാണക്കേടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈശോ സിനിമയുടെ പേരില്‍ ചില ദുഷ്മനസുകള്‍ ചെയ്തു വെക്കുന്നതിന്റെ ദോഷം സംവിധായകന്‍ നാദിര്‍ഷാക്കോ മലയാള സിനിമക്കോ അല്ല, നാട്ടില്‍ സാമുദായിക സൗഹാര്‍ദം പങ്കുവെച്ച് ജീവിക്കുന്ന ക്രൈസ്തവര്‍ക്കു തന്നെയും, മലയാളികള്‍ക്ക് ഒന്നടങ്കവുമാണ്.

സംസ്‌കാര ശൂന്യവും ഇരുളടഞ്ഞ മനസ്സുമായി ജീവിക്കുന്നതിന് പകരം, ക്രൈസ്തവര്‍ ഭാഗ്യവശാല്‍ പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രിയില്‍ ഇണങ്ങിച്ചേര്‍ന്നും ജീവിക്കുന്നവരാണ്. നല്ലവനായ ഈശോ സ്വപനം കണ്ട സുന്ദരമാനവികതയുടെ എന്തെങ്കിലും ഒരംശം അവശേഷിക്കുന്നുണ്ടങ്കില്‍ അതിനെകൂടിയാണ് ഈ ക്രിസ്ത്യാനിതാലിബാന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും, അത്തരം വിഷചീറ്റലുകളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്നും സക്കറിയ് എഫ്.ബിയില്‍ കുറിച്ചു.

എഫ്.ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം:

"ഈശോ": ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ നാണംകെട്ട കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്.

ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളിക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും കേരളത്തിന്റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട് ശതാബ്ദങ്ങളായി.

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്റെ ആധാരശിലയായ സാമുദായികസൗഹാർദം പങ്കുവച്ച് ഇവിടെ ഐശ്വര്യപൂർവം ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത അപമാനിക്കുന്നു.

യേശു അഥവാ ഈശോ എന്ന നല്ലവനായ മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് കേരളക്രൈസ്തവസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്റെ ആവശ്യവുമാണ്.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News