ലൂസിഫർ തെലുങ്ക് റീമേക്കിൽ പ്രിയദർശിനിയായി നയൻതാര
ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെ വ്യക്തമാക്കിയിരുന്നു
മോഹൻലാലിനെ നായകനാക്കി പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ലൂസിഫർ. ഇപ്പോൾ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ 'ഗോഡ്ഫാദറി'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ അതേപടി ഗോഡ്ഫാദറിൽ അവതരിപ്പിക്കുകയാണ് തെന്നിന്ത്യൻ നായിക നയൻതാര. ചിത്രത്തിലെ നയൻ താരയുടെ ലുക്ക് സംവിധായകൻ മോഹൻ രാജ തന്നെ പുറത്തു വിട്ടിരിക്കുന്നു.
മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് നയൻതാര തെലുങ്കിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ അതിഗംഭീരമായി അവതരിപ്പിച്ച സ്റ്റീഫനെ അവതരിപ്പിക്കുന്നതാവട്ടെ സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും. തമിഴിലെ മികച്ച സംവിധായകരിൽ ഒരാളായ മോഹൻ രാജയ്ക്ക് ഫലപ്രദമായി തന്നെ ചിത്രം പൂർത്തീകരിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നയൻതാരയ്‌ക്കൊപ്പമുളള സിനിമയുടെ പ്രധാന ഷെഡ്യൂൾ പൂർത്തിയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ മോഹൻരാജ പങ്കുവെച്ചു. ഇത് മൂന്നാം തവണയാണ് നയൻതാരയും മോഹൻരാജയും ഒന്നിച്ച് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റേതായി കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ചെയ്ത തനി ഒരുവൻ,വേലൈക്കാരൻ എന്നീ സിനിമകളിൽ നയൻതാരയായിരുന്നു നായിക.
ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി തെലുങ്കിൽ ചിരഞ്ജീവി വരുമ്പോൾ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോർട്ടുകളുണ്ട്. ഖുറേഷി അബ്രാം എന്ന ഡോൺ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നുവെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും.സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ഛായാഗ്രഹണം നിർവഹിക്കുന്നത് നിരവ് ഷായും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്.