'കശ്മീർ ഫയൽസി'ന്റെ പ്രദർശനം തടഞ്ഞ് ന്യൂസിലൻഡ് സെൻസർ ബോർഡ്

ചിത്രത്തിന് നൽകിയ പ്രദർശനാനുമതി പുനഃപരിശോധിക്കാൻ ന്യൂസിലൻഡ് സെൻസർ ബോർഡ് തീരുമാനിച്ചു

Update: 2022-03-20 10:20 GMT
Editor : Shaheer | By : Web Desk
Advertising

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസി'ന്റെ ന്യൂസിലൻഡിലെ റിലീസ് വൈകും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ നടപടി പുനഃപരിശോധിക്കാൻ ന്യൂസിലൻഡ് സെൻസർ ബോർഡ് തീരുമാനിച്ചു. ചിത്രത്തിനെതിരെ പരാതിയുമായി വിവിധ സംഘങ്ങൾ രംഗത്തെത്തിയതിനു പിന്നാലെയാണ് സെൻസർ ബോർഡിന്റെ തീരുമാനം.

1990കളിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമായുള്ള ചിത്രം ഈ മാസം 11നാണ് ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം പ്രദർശനത്തിനെത്തിയതിനു പിന്നാലെ വലിയ തോതിൽ വിവാദവും ശക്തമാണ്. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽനിന്ന് പലായനം ചെയ്യുന്ന പണ്ഡിറ്റുകളുടെ കഥയെന്ന പേരിൽ അവതരിപ്പിക്കുന്ന ചിത്രം വലിയ തോതിൽ മതവിദ്വേഷത്തിനും സാമുദായിക ധ്രുവീകരണത്തിനും ശ്രമിക്കുന്നതായി പരാതികളുയർന്നിട്ടുണ്ട്.

ചിത്രത്തിന് നേരത്തെ നൽകിയ പ്രദർശനാനുമതി റദ്ദാക്കാൻ ന്യൂസിലൻഡ് സെൻസർ ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കം ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകളടക്കം വിവിധ വിഭാഗങ്ങൾ ബോർഡിനെ സമീപിക്കുകയായിരുന്നു. അതേസമയം, ചിത്രം സെൻസർ ചെയ്യുന്നത് ന്യൂസിലൻഡുകാരുടെ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമാണെന്ന് മുൻ ഉപപ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റേഴ്‌സ് വിമർശിച്ചു. ന്യൂസിലൻഡിലെ മാർച്ച് 15 ആക്രമണങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും സമാനമായി സെപ്റ്റംബർ 11 ആക്രമണത്തിന്റെ വിവരങ്ങളുമെല്ലാം പൊതുസമൂഹത്തിൽനിന്ന് സെൻസർ ചെയ്യുന്നതിനു തുല്യമാണ് നടപടി. ഏതു തരത്തിലുമുള്ള ഭീകരവാദവും എതിർക്കപ്പെടുകയും തുറന്നുകാണിക്കപ്പെടുകയും വേണമെന്നും വിൻസ്റ്റൻ പീറ്റേഴ്‌സ് ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ചിത്രത്തിന് അനുമതി നൽകിയ സെൻസർ ബോർഡിൽ സംവിധായകനും

ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായി വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ ഒരു തിരുത്തും നിർദേശിക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സെൻസർ ബോർഡ് അംഗങ്ങളിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയുമുണ്ടെന്നും സാകേത് ഗോഖലെ രേഖകൾ പുറത്തുവിട്ട് ആരോപിച്ചു.

2021 നവംബർ മൂന്നിനാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയത്. വിവേക് അഗ്നിഹോത്രിയുടെ പേരിലാണ് ചിത്രം സെൻസർ ബോർഡിന് സമർപ്പിച്ചത്. അതേസമയം, സെൻസർ ബോർഡ് അംഗങ്ങളുടേതായി സി.ബി.എഫ്.സി പുറത്തുവിട്ട ലിസ്റ്റിൽ അഞ്ചാമതായി അഗ്നിഹോത്രിയുടെ പേരും നൽകിയിട്ടുണ്ട്.

ബി.ജെ.പിയും മോദി സർക്കാരും സ്‌പോൺസർ ചെയ്യുന്ന ശുദ്ധമായ രാഷ്ട്രീയ പ്രചാരണ ചിത്രമാണ് കശ്മീർ ഫയൽസെന്ന് വലിയ തോതിൽ വിമർശനമുയർന്നിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ വേദന വിദ്വേഷപ്രചാരണത്തിനും സാമുദായിക ധ്രുവീകരണത്തിനും ഉപയോഗിക്കുന്നുവെന്നാണ് പ്രധാന വിമർശനം. പലയിടത്തും ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് തിയറ്ററുകളിൽ മുസ്‌ലിം കൊലവിളികളും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ചിത്രത്തിന് വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകളും വലിയ തോതിൽ പിന്തുണ നൽകുന്നുണ്ട്.

Summary: New Zealand censor board decided to review its decision to clear the release of 'The Kashmir Files'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News