'വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ'; ഇന്ദ്രൻസിനെ കുറിച്ച് ഡോ. ബിജു
'ഇത്രയും വലിയ മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ..' എന്ന് ഇന്ദ്രൻസ് ബിജുവിനോട് ചോദിച്ചു
ഇന്ദ്രൻസ് എന്ന നടന്റെ എളിമയുടെ കഥകൾ പലപ്പോഴും ആളുകൾ എടുത്തുപറയാറുള്ള ഒരു കാര്യമാണ്. മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരമായ ഇന്ദ്രൻസ് പലപ്പോഴും ചെറു പുഞ്ചിരികൊണ്ട് പലരുടെ മനസ് കീഴടക്കാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ചുള്ള സംവിധായകൻ ഡോ. ബിജുവിന്റെ കുറിപ്പ് വൈറലാവുകയാണ്.
'താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു. രാവിലേ 4.20 നു ഫ്ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ ഫോൺ ശബ്ദിക്കുന്നു. ഡോക്ടറെ ഞാൻ ഇവിടെ പുറത്തു കാത്തു നിൽക്കുന്നുണ്ട്. പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ. അതിരാവിലെ എന്തിനാണ് ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി . ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ, ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി'.
സംവിധായകൻ വി.സി അഭിലാഷാണ് ഡോ.ബിജു വരുന്ന ഫ്ളൈറ്റും സമയവുമൊക്കെ ഇന്ദ്രൻസിനെ അറിയിച്ചത്. ആശുപത്രിയിലായതിനാൽ അഭിലാഷിന് വിമാനത്താവളത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ മേളകളിലൊന്നിൽ തന്റെ ചിത്രം പ്രദർശിപ്പിച്ച് തിരികെയെത്തിയപ്പോൾ മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ സ്വീകരിക്കാനെത്തിയ സന്തോഷം പങ്കുവെക്കുകയാണ് ബിജു.
ഏതായാലും വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ , FIAPF (ഇന്റർ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളിൽ ഒന്നായ താലിനിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷത്തെ ഒരേ ഒരു ഇന്ത്യൻ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദർശന ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ...
ടൊവിനോ തോമസ്, നിമിഷ സജയൻ ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദ്യശ്യജാലകം. എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സുമാണ് ചിത്രം നിർമിക്കുന്നത്. മുന്നു തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയ സംഗീത സംവിധായകൻ റിക്കി കേജാണ് ചിത്രിത്തിന് സംഗീതമൊരുക്കുന്നത്. നവംബർ 24 ന് ചിത്രം തിയേറ്ററിലെത്തും.