പാകിസ്താന്‍ നിരോധിച്ച 'ജോയ്‍ലാന്‍ഡ്' ഇന്ത്യയില്‍ പ്രദര്‍ശനത്തിന്; മാര്‍ച്ച് 10ന് തിയറ്ററുകളില്‍
ലോകമെമ്പാടുമുള്ള റിലീസ് തിയതികൾ ചിത്രത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്
മുംബൈ: നിരൂപക പ്രശംസ നേടിയ വിവാദ പാക് ചിത്രം 'ജോയ്‍ലാന്‍ഡ്' ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം മാര്‍ച്ച് 10ന് തിയറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള റിലീസ് തിയതികൾ ചിത്രത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
''ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ജോയ്‌ലാൻഡ് പങ്കിടുന്നതിൽ ഞങ്ങൾക്ക് അതിയായ ആവേശമുണ്ട്! സ്‌പെയിൻ, യുകെ, സ്വിറ്റ്‌സർലൻഡ്, ഇന്ത്യ, ബെനെലക്‌സ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ തിയറ്ററുകളിൽ ജോയ്‌ലാൻഡ് കാണൂ," എന്നാണ് കുറിപ്പ്. സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന ജോയ്‍ലാന്‍ഡിന് റിലീസിനു മുന്‍പെ പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിനെതിരെ പാകിസ്താനില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് ജോയ്‍ലാന്‍ഡിന് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് വിലക്ക് പിന്‍വലിക്കുകയും ചെയ്തു.
ഷോയിബ് മൻസൂറിന്‍റെ ബോളിന് ശേഷം ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ പാകിസ്താന്‍ ചിത്രമായിരിക്കും ജോയ്‌ലാൻഡ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. പാകിസ്താനില്‍ ആദ്യമായി ഓസ്കര്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ചിത്രമെന്ന സവിശേഷതയും ജോയ്‍ലാന്‍ഡിനുണ്ട്. സൈം സാദിഖാണ് സംവിധാനം.
ജുനേജോ, ഖാൻ എന്നിവരെ കൂടാതെ സാനിയ സയീദ്, സർവത് ഗിലാനി, റസ്തി ഫാറൂഖ്, സൽമാൻ പീർസാദ, സൊഹൈൽ സമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടനും സംവിധായകനുമായ റിസ് അഹമ്മദും നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയും ജോയ്‌ലാൻഡിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.