കൽക്കിയിലൂടെ 100 കോടി കടന്നത് പ്രഭാസിന്റെ അഞ്ചാമത്തെ സിനിമ
ബാഹുബലിയിലൂടെയാണ് പ്രഭാസ് 100 കോടി ക്ലബിലിടം പിടിക്കുന്നത്
'കൽക്കി 2898 എ.ഡി'യിലൂടെ പ്രഭാസിന്റെ അഞ്ചാമത്തെ ചിത്രമാണ് നൂറ് കോടി കടക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം പ്രഭാസിന്റെ തിരിച്ചുവരവിന് മാത്രമല്ല നിരവധി റെക്കോർഡുകൾക്കും കൂടിയാണ് അവസരമൊരുക്കിയത്. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷനിലൂടെ നേടിയത്. റിലീസ് ദിവസത്തെ കളക്ഷനിൽ ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ ആദ്യ ദിന കളക്ഷൻ റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയത്. 159 കോടി നേടിയ കെ.ജി.എഫ് ടുവിന്റെ റെക്കോർഡ് കൂടിയാണ് കൽക്കി മറികടന്നത്.
എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ 2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലി : ദ ബിഗിനിങ്' എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് 100 കോടി ക്ലബിലിടം പിടിക്കുന്നത്. 2017 ഏപ്രിൽ 28ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗമായ 'ബാഹുബലി 2: ദ കൺക്ലൂഷൻ'ലും ചരിത്രം ആവർത്തിച്ച് 100 കോടി ക്ലബ്ബിലെത്തി.
പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്ത്, 2019 ആഗസ്റ്റ് 30ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'സാഹോ'യാണ് പ്രഭാസിന്റെ മൂന്നാമത്തെ 100 കോടി ചിത്രം. 2023 ഡിസംബർ 22ന് റിലീസ് ചെയ്ത പ്രശാന്ത് നീൽ ചിത്രം 'സലാർ: ഭാഗം 1' ആയിരുന്നു നാലാമത്തെ 100 കോടി ചിത്രം. അതിനിടയിലാണ് ഒറ്റ ദിവസംകൊണ്ട് പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന സ്ഥാനത്തേക്ക് 'കൽക്കി 2898 എഡി' എത്തിയത്.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.