'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രം, 'വര്‍ഷങ്ങള്‍ക്ക് ശേഷം' തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാൻ ചോദിച്ചപ്പോള്‍ 15 കോടി ആവശ്യപ്പെട്ടു': തമിഴ് നിർമാതാവ് ധനഞ്ജയന്‍
'മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു അത് കൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത്'
ചെന്നെെ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാൻ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'മഞ്ഞുമ്മല്‍ ബോയ്‌സ് വമ്പൻ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് കൊടുത്തത്. ഇതിന് 15 കോടി തന്നാല്‍ നല്‍കാമെന്ന് പറഞ്ഞു. മലയാളത്തില്‍ പറഞ്ഞത് കൊണ്ട് ആദ്യം എനിക്ക് മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് ഞാന്‍ വീണ്ടും എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാല്‍ നിങ്ങൾ കൊടുത്തേക്കാന്‍ പറഞ്ഞു ഞാന്‍ ഫോൺ വെച്ചു.'
' ഈ കാര്യം എന്റെ ഡിസ്ട്രിബ്യഷൻ ടീമിനോട് സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചത് സാറിന് വട്ടാണോ എന്നാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് പറയുന്നത് ഒരു മാജിക്കായിരുന്നു. മറ്റൊരു സിനിമയ്ക്ക് അതെങ്ങനെയാണ് നേടാനാവുക. ആവേശം സിനിമയ്ക്ക് തന്നെ ഒരു കോടി നല്‍കിയത് അധികമാണ്. തമിഴ് നാട്ടിലെ കാര്യമാണ് പറഞ്ഞത്. ആ സിനിമയുടെ വിജയം കണ്ട് എല്ലാ പടവും വാങ്ങാന്‍ നിന്നാല്‍ ശരിയാവില്ല. പ്രേമലു ചിത്രത്തിന് 2-3 കോടിയാണ് കൊടുത്തത്. മൊത്തം അഞ്ച് കോടിയില്‍ അധികമാണ് നേടിയത്. ഇവര്‍ 15 കോടിയാണ് ചോദിച്ചത്. പലരും ചോദിച്ചിരുന്നു. 15 കോടിയായതിനാല്‍ ആരും എടുത്തില്ല. അവസാനം ചിത്രം ഫ്രീ റിലീസ് ചെയ്യുകയായിരുന്നു. 50 ലക്ഷമാണ് നല്‍കിയത്.' ധനഞ്ജയന്‍ പറഞ്ഞു.