'കാലത്തിന് മുന്‍പേ 2006ല്‍ ബെളുത്തിട്ട് പാറിയപ്പോള്‍'; ചിരിപ്പിച്ച് പാറിച്ച് രമേഷ് പിഷാരടി

ഇന്‍സ്റ്റാഗ്രാം വഴിയുള്ള ഇത്തരം സ്കിന്‍ ക്രീമുകള്‍ക്കെതിരെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്

Update: 2022-11-06 10:25 GMT
Editor : ijas | By : Web Desk
Advertising

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ റീലുകളില്‍ ഒന്നാണ് 'ബെളുത്തിട്ട് പാറാം' എന്ന പേരിലുള്ള ബ്രിട്ടീഷ് ഫേസ് വൈറ്റ്നിങ് ക്രീമിന്‍റെ പരസ്യവുമായുള്ള ചെറുപ്പക്കാരന്‍റേത്. പത്ത് ദിവസത്തിനുള്ളില്‍ ബ്രിട്ടീഷുകാരുടെ നിറം ലഭിക്കുമെന്ന പരസ്യത്തോടെയാണ് കാസര്‍കോഡ് നിന്നുള്ള കുറച്ച് ചെറുപ്പക്കാര്‍ ബ്രിട്ടീഷ് ക്രീം പ്രചരിപ്പിക്കുന്നത്. ഈ റീലുകള്‍ വൈറലാവുകയും ട്രോളന്‍മാര്‍ ഇതിന് പിന്നാലെ കൂടുകയും ചെയ്തതോടെ ട്രോളന്മാരുടെ മനസ്സറിയുന്ന ചലച്ചിത്ര താരം രമേഷ് പിഷാരടിയും വെറുതെ ഇരുന്നില്ല. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ 2006ലെ തന്‍റെ ചിത്രം എന്ന പേരില്‍ ഒന്ന് പങ്കുവെച്ചിരിക്കുകയാണ് താരം. 'കാലത്തിന് മുന്‍പേ 2006ല്‍ ബെളുത്തിട്ട് പാറിയപ്പോള്‍', എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവെച്ചത്. ചിത്രം കിട്ടിയ ട്രോളന്‍മാര്‍ പിഷാരടിയുടെ ട്രോള്‍ സെന്‍സിനെ അഭിനന്ദിക്കുകയും ചെയ്തു.

അതെ സമയം ഇന്‍സ്റ്റാഗ്രാം വഴിയുള്ള ഇത്തരം സ്കിന്‍ ക്രീമുകള്‍ക്കെതിരെ ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ക്രീം ശരീരത്തില്‍ പുരട്ടി ഇത്തരം വെളുത്ത ചര്‍മ്മം വരുന്നുണ്ടെങ്കില്‍ അത് അപകടകരമാണെന്നും മറ്റു രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിക്കുന്നു. ഇത്തരം റീലുകളില്‍ വരുന്ന യുവാക്കള്‍ ഫില്‍റ്റര്‍ ഉപയോഗിച്ചായിരിക്കും വീഡിയോ ചെയ്യുന്നതെന്നും എന്നാല്‍ ഇതിനെ വിശ്വസിച്ച് ഇത്തരം ക്രീമുകള്‍ ശരീരത്തില്‍ പുരട്ടിയാല്‍ ആരോഗ്യ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മറ്റു അനുബന്ധ രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയായിരിക്കുമെന്നും അഭിപ്രായപ്പെടുന്നു. അതെ സമയം ഇത്തരം സ്കിന്‍ ക്രീമുകളുടെ പ്രചാരണത്തിലൂടെ വികലമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കാണ് വഴിതുറക്കുന്നതെന്ന ആക്ഷേപവുമുണ്ട്. കറുത്തവര്‍ മോശക്കാരാണെന്ന തെറ്റായ കാര്യവും വംശീയതയുമാണ് ഇതിലൂടെ വിറ്റഴുക്കുന്നതെന്ന വിമര്‍ശനവും നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News