'എപ്പോഴും ജനങ്ങള്‍ നമ്മളെ തന്നെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കരുത്'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രശ്മിക മന്ദാന
''ഒരു സിനിമാ താരമാകുമ്പോൾ ജനങ്ങൾ നമ്മളെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്ന് വിചാരിക്കരുത്. അതുകൊണ്ട് തന്നെ അത്തരത്തിലുണ്ടാകുന്ന എല്ലാ വിമർശനങ്ങൾക്കും നമ്മൾ മുഖം കൊടുക്കേണ്ടതില്ല''
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഇഷ്ടനായികയാണ് രശ്മിക മന്ദാന. അഭിനയമികവുകൊണ്ട് തെലുങ്ക് ഇൻഡസ്ട്രിക്ക് പുറത്തും തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുക്കാൻ രശ്മികക്ക് സാധിച്ചു. നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള നടി കൂടിയാണ് രശ്മിക. ട്രോളുകളും വിമര്‍ശനങ്ങള്‍ക്കുമെതിരെ പലപ്പോഴും രശ്മിക രംഗത്തെത്താറുമുണ്ട്.
കാന്താര സിനിമ കാണാത്തതിനായിരുന്നു ആദ്യത്തെ വിമർശനം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും താൻ നേരിടുന്ന ട്രോളുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. 2022 ലെ കൂർഗ് പെർസൺ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട താരത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി നിരവധി ട്രോളുകളാണ് വന്നത്. എന്നാൽ ഒരു സെലിബ്രിറ്റിയാകുന്നതിന്‍റെ ഭാഗമായാണ് താൻ കാണുന്നതെന്നായിരുന്നു രശ്മികയുടെ പ്രതികരണം.
ഒരു സിനിമാാ താരമാകുമ്പോൾ ജനങ്ങൾ നമ്മളെ കുറിച്ച് നല്ലത് മാത്രമേ പറയൂവെന്ന് വിചാരിക്കരുത്. അതുകൊണ്ട് തന്നെ അത്തരത്തിലുണ്ടാകുന്ന എല്ലാ വിമർശനങ്ങൾക്കും നമ്മൾ മുഖം കൊടുക്കേണ്ടതില്ല. എന്നിരുന്നാലും ജനങ്ങൾ സംസാരിക്കുന്നത് നമ്മളെ കുറിച്ചാണ്. കാരണം നമ്മൾ പൊതുസമൂഹത്തോടാണ് സംസാരിക്കുന്നത്. പലപ്പോഴും പല കാരണത്താൽ ജനങ്ങൾ തങ്ങളെ ഇഷ്ടപ്പെടണമെന്നില്ല. അപ്പോൾ അവർക്കിഷ്ടപ്പെടുന്ന തരത്തിലേക്ക് മാറുകയാണ് താരങ്ങൾ ചെയ്യേണ്ടതെന്നും രശ്മിക പറഞ്ഞു.
കരിയറിന്‍റെ തുടക്കം മുതല്‍ വെറുപ്പ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ട്രോളുകള്‍ കൊണ്ടും നെഗറ്റിവിറ്റി കൊണ്ടും ആക്രമിക്കപ്പെടുന്ന ഒരു പഞ്ചിംഗ് ബാഗാണ് താനെന്നും നേരത്തെ രശ്മിക പറഞ്ഞിരുന്നു. ''അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ മനസിലാക്കുന്നു. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ എനിക്കും ഇന്റസ്ട്രിക്ക് അകത്തും പുറത്തുമുള്ള എന്‍റെ ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്യുന്നതാണ്. ക്രീയേറ്റീവായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ നെഗറ്റിവിറ്റിയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. തുറന്നു പറയുന്നതിലൂടെ ഞാന്‍ ആരുടേയും ഹൃദയം കീഴടക്കാന്‍ പോകുന്നില്ലെന്ന് അറിയാം. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല.''എന്നായിരുന്നു രശ്മിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.