റിമ കല്ലിങ്കലും പദ്മ പ്രിയയും നായികമാരായി 'ബാക്ക് സ്റ്റേജ്'; സംവിധാനം അഞ്ജലി മേനോന്‍

ആറ് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്

Update: 2022-10-30 13:49 GMT
Editor : ijas
Advertising

വണ്ടര്‍ വുമണ് പിന്നാലെ പുതിയ ചിത്രവുമായി സംവിധായിക അഞ്ജലി മേനോന്‍. 'ബാക്ക് സ്റ്റേജ്' എന്ന് പേരിട്ട ചിത്രത്തില്‍ റിമ കല്ലിങ്കലും പദ്മ പ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാടക പശ്ചാത്തലത്തില്‍ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ആറ് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായത്.

മഞ്ചാടിക്കുരു ആണ് അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടര്‍ന്ന് ദുല്‍ഖര്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി എന്നിവര്‍ അഭിനയിച്ച് ബാംഗ്ലൂര്‍ ഡേയ്സ് എന്ന വമ്പന്‍ ഹിറ്റും സംവിധാനം ചെയ്തു. പൃഥ്വിരാജും നസ്രിയയും അഭിനയിച്ച് എത്തിയ 'കൂടെ' ആണ് അഞ്ജലി സംവിധാനം ചെയ്ത അവസാന ചിത്രം.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'വണ്ടര്‍ വുമണ്‍' ഉടന്‍ തന്നെ സോണി ലിവില്‍ റിലീസ് ചെയ്യും. ആറ് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. പാര്‍വതി തിരുവോത്തും നിത്യ മേനോനും സയനോരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിക്കുന്ന ചിത്രത്തില്‍ പുരുഷ താരങ്ങള്‍ ആരും തന്നെ അഭിനയിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. പദ്മ പ്രിയയും നദിയ മൊയ്തുവും അര്‍ച്ചന പദ്മിനിയും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലുണ്ട്. കോഴിക്കോട്ടും പരിസര പ്രദേശങ്ങളുമായി 12 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സ്ത്രീ കേന്ദ്രീകൃതമായ ചിത്രം പഴയ കാലത്തെ പ്രസവ രീതികളും ശുശ്രൂഷയും പുതിയ തലമുറയിലെത്തിയപ്പോഴുണ്ടായ മാറ്റങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രമേയമാക്കുന്നത്. സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ മലയാളം, ഇംഗ്ലീഷ്, മറാത്തി, തമിഴ് ഭാഷകളില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ട്. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'വണ്ടര്‍ വുമണ്‍'. അഞ്ജലി മേനോന്‍റെ ഉടമസ്ഥതയിലെ ലിറ്റില്‍ ഫിലിംസും ബോംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News