പരാതി പറയാന്‍ മലയാള സിനിമയില്‍ ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയം: റിമ കല്ലിങ്കല്‍

ഇന്‍റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്

Update: 2022-04-05 06:07 GMT
Editor : Jaisy Thomas | By : Web Desk
Advertising
Click the Play button to listen to article

കൊച്ചി: സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ അതുപറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് നടി റിമ കല്ലിങ്കല്‍. എല്ലാവരും ഉറ്റുനോക്കുന്ന കേരളീയര്‍ ഇത് പണ്ടേ ചെയ്യണമായിരുന്നുവെന്നും റിമ പറഞ്ഞു. കൊച്ചിയില്‍ റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തിലാണ് റിമയുടെ പ്രതികരണം

റിമയുടെ വാക്കുകൾ

ഇന്‍റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ നന്നായി അറിയുന്നയാളായിരിക്കണം, മുതിര്‍ന്ന ഒരാളായിരിക്കണം. നമ്മള്‍ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോള്‍, ഒരുപാട് പേരെ ഒരു സിനിമാ നിര്‍മാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതില്‍ മാത്രം അത് ഒതുക്കിനിര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.'

ഒരു സിനിമാ സെറ്റിന്‍റെ ചിത്രമെടുത്ത് നോക്കിയാല്‍ അതില്‍ ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്‍റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെങ്കില്‍പ്പോലും ഐ.സി വേണമെന്ന് പറഞ്ഞ് ഡബ്ല്യൂ.സി.സി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കുകൂടി വേണ്ടിയാണ്.

തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിന്‍റെ സൈഡില്‍ നിന്ന് വരുന്ന കമന്‍റുകളും ജോലി കിട്ടാതിരിക്കാനുള്ള സാധ്യതകളുണ്ട് എന്ന രീതിയില്‍ സംസാരിക്കുന്നതുമെല്ലാം ഇതേ വിഭാഗത്തില്‍പ്പെടുമെന്ന് വൈശാഖ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നല്‍കുന്നതിനൊപ്പം തന്നെ അതിക്രമങ്ങള്‍ക്കെതിരായുള്ള മാര്‍ഗനിര്‍ദേശങ്ങളും അറിവുകളും നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും റിമ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News