സച്ചിയുടെ സ്വപ്ന ചിത്രം; വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ആരംഭിക്കുന്നു
ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ്
അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്ന ചിത്രം വിലായത്ത് ബുദ്ധയുടെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പതിന് ആരംഭിക്കുന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ്. പൃഥ്വിരാജ്,സച്ചി തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അനുഭവജ്ഞാനവുമായിട്ടാണ് ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനാകുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്.
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ ?, ഉടൻ പ്രദർശനത്തിനെത്തുന്ന സൗദി വെള്ളക്ക- എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ മൂവിയാണിത്. പ്രിയംവദാ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷമ്മി തിലകൻ, അനുമോഹൻ, കോട്ടയം രമേശ്, രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. കന്നഡയിലെ ഈ വർഷത്തെ മെഗാഹിറ്റ് ചിത്രം '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കും.