സംവിധായകന്‍ വിനയനോട് കണ്ണു നിറഞ്ഞ് മാപ്പ് പറഞ്ഞ് സിജു വില്‍സണ്‍!
ചിത്രം തിരുവോണ നാളിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു വില്‍സണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തിരുവോണ നാളിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷനിടെ വിനയനോട് പരസ്യമായി മാപ്പു പറഞ്ഞിരിക്കുകയാണ് സിജു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് നായകവേഷം ചെയ്യാന്‍ സംവിധായകൻ വിനയന്‍ വിളിച്ചതിനെക്കുറിച്ച് പറഞ്ഞാണ് സിജു വികാരാധീനനായത്.
'ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സര്‍ വിളിക്കുന്നത്. പിന്നെ സാറിനോട് എനിക്ക് പബ്ലിക്കായി ക്ഷമ ചോദിക്കാനുണ്ട്. കാരണം എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങള്‍ ആലോചിച്ച് അയ്യോ എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാവരുടെ മനസ്സിലും വരുന്ന കാര്യമാണ്. പക്ഷേ സാറിനെ പോയി കണ്ടതിനു ശേഷം ഫുൾ ചാർജായാണു തിരിച്ചെത്തിയത്' സിജു പറഞ്ഞു.
എന്നാല്‍ സിജുവിനെ ആശ്വസിപ്പിച്ചുകൊണ്ടായിരുന്നു വിനയന്‍ മറുപടി നല്‍കിയത്. 'സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു ചെറുപ്പക്കാരന്‍റെ മനസിലെ ഫയറാണ്. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല , ടെന്‍ഷന്‍ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാന്‍ പറ്റിയാല്‍ നിന്നെ ഞാൻ വേറൊരു ആളാക്കി മാറ്റുമെന്ന് പറഞ്ഞു. അന്ന് മനസില്‍ ആ ചാര്‍ജും കൊണ്ടാണ് സിജു പോയത്' വിനയന്‍ പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, ദീപ്തി സതി, പൂനം ബജ്‍വ, ചെമ്പന്‍ വിനോദ്,സുദേവ് നായര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഗോകുലം ഗോപാലനാണ് നിര്‍മാണം.