പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ല; വനിതാ ജീവനക്കാര്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ പോലെ: അടൂര്‍ ഗോപാലകൃഷ്ണന്‍

നേരത്തെ അഭിമുഖങ്ങളൊന്നും നല്‍കാന്‍ കഴിവില്ലാത്ത ശുചീകരണ തൊഴിലാളികള്‍ക്ക് അതിനെല്ലാം ട്രെയിനിങ് നല്‍കി കഴിഞ്ഞതായും അടൂര്‍ ആക്ഷേപിച്ചു

Update: 2023-01-02 16:01 GMT
Editor : ijas | By : Web Desk
Advertising

കോട്ടയം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍. പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നും ആരെയാണ് ഇവര്‍ തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും നേരത്തെ അഭിമുഖങ്ങള്‍ ഒന്നും നല്‍കാന്‍ കഴിവില്ലാത്ത ഇവര്‍ക്ക് അതിനെല്ലാം ട്രെയിനിങ് നല്‍കി കഴിഞ്ഞതായും ആക്ഷേപിച്ചു. സിനിമയെ കുറിച്ച് പഠിക്കാന്‍ വന്നവര്‍ സിനിമ കണ്ട്, സ്വപ്നം കണ്ട് ജീവിക്കണമെന്നും അതിനപ്പുറത്തേക്ക് അവര്‍ക്കൊരു ലോകമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും അധിക്ഷേപിച്ച് അടൂര്‍ രംഗത്തുവന്നത്.

'ഒരുമാസവും രണ്ടുമാസവും മൂന്നുമാസവും സമരം ചെയ്യാന്‍ എവിടെയാണ് സമയം. പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് ചെയ്യില്ല. ആരോടാണ് സമരം ചെയ്യുന്നത്, ആരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നത്. ഫ്രീഡത്തെ കുറിച്ചുള്ളത് തെറ്റിദ്ധാരണയാണ്. ഉള്ള സമയം ഏറ്റവും കൂടുതല്‍ സിനിമയെ കുറിച്ച് പഠിച്ച്, സിനിമ കണ്ട്, സ്വപ്നം കണ്ട്,ജീവിക്കണം. പഠിക്കാന്‍ വന്നവര്‍ ചെയ്യേണ്ടത് അതാണ്.അവര്‍ക്ക് അതിനപ്പുറത്തേക്ക് വേറെ ലോകമില്ല. ഇന്‍ഡസ്ട്രിയില്‍ ഒരാള്‍ക്ക് സിനിമയെടുക്കാന്‍ അവസരം കിട്ടണമെങ്കില്‍ ആരുടെയെങ്കിലുമൊക്കെ അസിസ്റ്റന്‍റായിട്ട് നിന്നിട്ട് നാല്‍പ്പതോ അന്‍പതോ വയസ്സാവണം. രണ്ട് കൊല്ലം കൊണ്ട് സിനിമയെ കുറിച്ച് എല്ലാം പഠിച്ച്, ലോകത്തെ മാസ്റ്റര്‍ പീസുകളെല്ലാം കണ്ട്, ഇതിനെ കുറിച്ച് ഒരു ടേസ്റ്റുണ്ടായി, പഠിതാക്കളെ മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് നമ്മള്‍ വിധേയരാകണം. ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ഇതൊന്നും ശരിയല്ലെന്ന് പറയുന്നവനെ എന്ത് പഠിപ്പിക്കാന്‍ പറ്റും. ആയുര്‍വേദത്തില്‍ പറയും, അവിധേയനെ ചികിത്സിക്കരുതെന്ന്. ഈ ചികിത്സ കൊണ്ട് എനിക്ക് ഭേദമാകുമെന്ന് ഉറപ്പുള്ളവനേ ചികിത്സിക്കാന്‍ പറ്റൂ. കാരണം ഇവിടുത്തെ പഠനം കൊണ്ട് എനിക്ക് ഗുണമുണ്ടാകണം. എന്‍റെ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ വന്നതാണ് എന്ന ധാരണയുണ്ടെങ്കിലേ ശരിയാവുകയുള്ളൂ. ഇവരോടൊക്കെ പുച്ഛമുള്ളൊരുത്തന്‍ ഇവിടെ പഠിക്കാന്‍ വരരുത്. അവര്‍ എത്രയും വേഗം പിരിഞ്ഞുപോവണം'; അടൂര്‍ പറഞ്ഞു.

'ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാര്‍ ക്യാമറക്ക് മുന്നില്‍ വന്ന് പറയുന്നത്, ഞങ്ങളെല്ലാം വിധവമാരെന്നാണ്. രണ്ട് പേരുടെ ഭര്‍ത്താക്കന്മാരെ മരിച്ചിട്ടുള്ളൂ. നാല് പേര്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. അവരെന്ത് ചെയ്യും.പച്ചക്കള്ളം പഠിപ്പിച്ചുവിട്ടിരിക്കുകയാണ്. ടി.വിക്ക് മുന്നില്‍ അവര്‍ സ്റ്റാര്‍സ് ആണ് ഈ മുന്ന് നാലഞ്ച് പെണ്ണുങ്ങള്‍. നന്നായി ഉടുത്തൊരുങ്ങിയാണ് ഇവരൊക്കെ പോവുന്നത്. ഡബ്ല്യൂ.സി.സി പോലെ അവരിലൊരാളായിട്ടാണ് ഇവരൊക്കെ ഉടുത്തൊരുങ്ങി നില്‍ക്കുന്നത്. ദിവസവും അഭിമുഖം ചോദിക്കാന്‍ ആളുകളെത്തുന്നു. നേരത്തെ അവരൊന്നും ഇത് പറയാന്‍ കഴിവുള്ളവരായിരുന്നില്ല, അവരെയെല്ലാം ട്രെയിന്‍ ചെയ്തു കഴിഞ്ഞു. സ്റ്റാര്‍സായി. അവര്‍ക്ക് ട്രെയിന്‍ ചെയ്യിക്കാന്‍ ആളുണ്ട്',അടൂര്‍ തുടര്‍ന്നു.

ശങ്കർ മോഹനെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ക്ഷണിച്ച് കൊണ്ടുവന്നതാണെന്നും അടൂര്‍ മറുപടി നല്‍കി. സർക്കാർ അദ്ദേഹത്തിന് താമസിക്കാനുള്ള വീടും മറ്റ് സൗകര്യങ്ങളും കൊടുക്കും എന്ന ഉറപ്പിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. അവിടെ കെട്ടിടം കിട്ടാൻ വിഷമമാണ്. റബ്ബർ തോട്ടത്തിന് ഉള്ളിലോട്ടൊരു കെട്ടിടത്തിലാണ് കഴിയുന്നത്. ആ വീട് ദിവസവും പോയി ക്ലീൻ ചെയ്യേണ്ടതാണ് അവരുടെ ജോലി. തൂപ്പുകാര്‍ സർക്കാർ ശമ്പളം വാങ്ങിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മുറ്റവും തിണ്ണയും തൂത്ത് കൊടുക്കണം. അര മുക്കാൽ മണിക്കൂർ എടുക്കില്ല. ഇതിനെ കുറിച്ചൊക്കെ കുറേ ആരോപണങ്ങൾ ഞാൻ കേട്ടു. കക്കൂസിൽ കയ്യിട്ട് വാരണമെന്നൊക്കെ. ഇതിനേക്കാൾ ആഭാസകരമായിട്ട് ഒന്നും പറയാനില്ല. ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ജീവനക്കാരെ കൊണ്ട് അവർ ഒരിക്കൽ പോലും ബാത്ത്റൂം കഴുകിച്ചിട്ടില്ല. റബ്ബർ ഇല വീഴുന്നത് അടിച്ച് വാരുക മാത്രമാണ് വേണ്ടത്. എന്നിട്ട് അവർ പറയുന്നത് രാത്രിയിലൊക്കെ ജോലിയാണെന്നാണ്. എന്ത് ജോലിയാണ് അവർ ചെയ്യുന്നത്?', അടൂർ ചോദിച്ചു.

ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്‍റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്‌നങ്ങളാണ് കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താല്‍ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹന് അനുകൂലമായ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ത്ഥികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News