ജാക്ക് റോസിനെ രക്ഷിച്ച 'വാതില്‍ കഷ്ണം' ലേലത്തില്‍ പോയത് ആറ് കോടിക്ക്
കഥയില്‍ റോസിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കൂടി കാരണമാണ് ഈ വാതില്‍ കഷ്ണം
ലോകസിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ചിത്രമാണ് ടൈറ്റാനിക്. നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ ജാക്ക് എന്ന കഥാപാത്രമായും നടി കേറ്റ് വിന്‍സ്ലെറ്റ് റോസായും വേഷമിട്ട ചിത്രം 1997 ഡിസംബര്‍ 19 നാണ് റിലീസ് ചെയ്തത്. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സിനിമക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ ആരാധകരാണുളളത്. അറ്റ്‌ലാന്റിക് കടലില്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിത്താണ ടൈറ്റാനിക് റോസിന്റെയും ജാക്കിന്റെയും നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ചിത്രം കൂടിയാണ്.
ചിത്രത്തില്‍ തണുത്തുറഞ്ഞ കടലില്‍ നിന്നും റോസിനെ രക്ഷിക്കാനായി ജാക്ക് ഉപയോഗിച്ച വാതില്‍ കഷ്ണം ലേലത്തില്‍ വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 7,18,750 ഡോളറിനാണ് ഈ വാതില്‍ കഷ്ണം ലേലത്തില്‍ പോയത്. അതായത് ഇന്ത്യന്‍ രൂപ ഏകദേശം ആറ് കോടിക്കടുത്താണിത് (5,99,07,309). ട്രഷേഴ്‌സ് ഫ്രം പ്ലാനറ്റ് ഹോളിവുഡിന്റെ ലേലത്തിലാണ് ഇത് വിറ്റുപോയത്.
കപ്പലില്‍ നിന്നും പൊളിഞ്ഞടര്‍ന്ന വാതിലിലാണ് ജാക്ക് റോസിനെ ജീവന്‍ രക്ഷിക്കാനായി കയറ്റി വിടുന്നത്. കഥയില്‍ റോസിന്റെ ജീവന്‍ രക്ഷപ്പെടാന്‍ കാരണം കൂടിയാണ് ഈ വാതില്‍ കഷ്ണം. ഈ വാതില്‍ കഷ്ണം അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. സിനിമയുടെ അവസാനത്തില്‍ ജാക്ക് മരിക്കുന്നതും റോസ് രക്ഷപ്പെടുന്നതുമായാണ് കഥ. ഈ മരകഷ്ണത്തില്‍ രണ്ടു പേര്‍ക്കും രക്ഷപ്പെടാമായിരുന്നുവെന്നായിരുന്നു ചിലര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ആ സാഹചര്യത്തില്‍ ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ സാധിക്കുവെന്നും ഇതിന് ശാസ്ത്രീയ തെളിവുണ്ടെന്നും സംവിധായകന്‍ മറുപടി പറഞ്ഞിരുന്നു.