പുരുഷാധിപത്യത്തെ വെല്ലുവിളിച്ച മണി ഹെയ്‌സ്‌റ്റിലെ സ്ത്രീ കഥാപാത്രങ്ങൾ

ലോകത്താകമാനം ആരാധകരുള്ള വെബ് സീരീസായ മണി ഹെയ്‌സ്‌റ്റിന്റെ അഞ്ചാം സീസണിന്റെ ആദ്യ ഭാഗം ഇന്ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി

Update: 2021-09-03 16:38 GMT
Advertising

ലോകത്താകമാനം ആരാധകരുള്ള വെബ് സീരീസായ മണി ഹെയ്‌സ്‌റ്റിന്റെ അഞ്ചാം സീസണിന്റെ ആദ്യ ഭാഗം ഇന്ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങി. കഥപറച്ചിലിലും കഥാപാത്ര നിര്മിതിയിലും ഏറെ പേരുകേട്ടതാണ് ഈ സ്പാനിഷ് സീരീസ്. കൊള്ളസംഘത്തിലെ പുരുഷാധിപത്യത്തെ വെല്ലുവിളിച്ച സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടാം.


 ടോക്യോ 




 


ആർസല  കുർബരോ അവതരിപ്പിച്ച ടോക്യോ എന്ന കഥാപാത്രം മോഷണ സംഘത്തിലെ ഏറ്റവും സജീവയായ അംഗമാണ്. പരാജയപ്പെട്ട ഒരു മോഷണ ശ്രമത്തിന് ശേഷം പൊലീസിൽ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് ടോക്യോവിനെ പ്രൊഫസ്സർ കണ്ടെത്തുന്നത്. കൊള്ളസംഘത്തിലെ പുരുഷന്മാരുടെ ആധിപത്യത്തിനെതിരെ നിരന്തരം പോരാടുന്ന ആളാണ് ടോക്യോ . നിർണായക ഘട്ടങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള ടോക്യോവിന്റെ കഴിവ് സംഘത്തിന് പല ഘട്ടങ്ങളിലും മുതൽക്കൂട്ടാകുന്നുണ്ട്.


നെയ്‌റോബി 





 


"ഇനി സ്ത്രീയാധിപത്യം തുടങ്ങട്ടെ" സീരീസിലെ ഏറെ പ്രധാനപ്പെട്ട ഒരു സംഭാഷണ ശകലമാണ് ആൽബ ഫ്‌ളോറസ് അവതരിപ്പിച്ച നെയ്‌റോബി  എന്ന കഥാപാത്രത്തിന്റേത്.കൊള്ളസംഘത്തിന്റെ ക്വാളിറ്റി മാനേജരായ നെയ്‌റോബി സംഘത്തലവനായ ബെർലിനെ മാത്രം കേൾക്കുന്ന രീതിയിലേക്ക് കൊള്ള സംഘത്തിലുള്ളവർ മാറിയപ്പോൾ നടത്തിയ പ്രഖ്യാപനമാണ് ഇത്. നെയ്‌റോബിക്ക് സംഘത്തിന്റെ നേതൃത്വം ലഭിച്ചപ്പോഴൊക്കെയും രക്തച്ചൊരിച്ചിൽ കുറക്കാനും സംഘത്തിൽ അഭിപ്രായവ്യത്യാസം കുറക്കാനും കഴിഞ്ഞു. 


ആലീസിയ സിയാറ 




 


കൊള്ളസംഘത്തിന്റെ എതിർഭാഗത്തായിരുന്നെങ്കിലും നജ്‌വ നിമ്‌റി അവതരിപ്പിച്ച  ആലീസിയ സിയാറ എന്ന കഥാപാത്രം സ്‌ക്രീനിൽ വരുമ്പോഴൊക്കെയും ഒരു വശ്യത അനുഭവപ്പെട്ടിരുന്നു. പ്രൊഫസറുമായി ഇവർ നടത്തുന്ന സന്ധിസംഭാഷണങ്ങളിൽ അവരുടെ നർമ്മബോധം വ്യക്തമാകുന്നുണ്ട്. ഗർഭിണിയും വിധവയുമായ ആലീസിയ സിയാറയാണ് പ്രൊഫസറെ പിടികൂടുന്നത്. ശക്തമായ പൊലീസ് കഥാപാത്രമാണ് ഇവരുടേത്.


റാഖേൽ മറില്ലോ 




 


ആലീസിയയെ പോലെ തന്നെ പുരുഷകേന്ദ്രീകൃത അന്തരീക്ഷത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമാണ് ഇത്സിയാർ ഇത്തുന്നോ അവതരിപ്പിച്ച റാഖേൽ മറില്ലോ അവതരിപ്പിച്ച റാഖേൽ മറില്ലോ എന്ന കഥാപാത്രം. കൊള്ളസംഘത്തെ പിടികൂടാനുള്ള ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥയായ അതിനു കഴിയാതെ  രാജിവെച്ചു. റാഖേൽ ശക്തമായി പോരാടിയെങ്കിലും അവരുടെ വീഴ്ചകളെ ദാമ്പത്യത്തിലേയും മകളുമായുള്ള ബന്ധത്തിലേയും താളപ്പിഴകളുമായി ചേർത്ത് വെക്കുന്നുണ്ട്. 


മോണിക്ക ഗാസ്‌താംബൈഡ്‌ 




 


സ്റ്റോക് ഹോം എന്ന പേരിൽ പിന്നീട് അറിയപ്പെടുന്ന ആസ്റ്റർ അസെബോ അവതരിപ്പിച്ച മോണിക്ക ഗാസ്‌താംബൈഡ്‌ എന്ന കഥാപാത്രം തന്റേതായ വ്യക്തിത്വവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സ്ത്രീ കഥാപാത്രമാണ്. റോയൽ മിന്റ് ഓഫ് സ്‌പെയിനിന്റെ സെക്രട്ടറിയായി ജോലി നോക്കവേ ബാങ്കിന്റെ ഡയറക്ടറുമായി  പ്രണയത്തിലായ ഇവർ ആ ബന്ധത്തിൽ ഗര്ഭിണിയാകുന്നുണ്ട്. എളുപ്പത്തിൽ അബോർഷൻ എന്ന സാധ്യത ഉപയോഗപ്പെടുത്താമായിരുന്ന അവർ തന്റെ  ഇച്ഛാശക്തിയുടെയും കൊള്ളസംഘത്തിലെ അംഗമായ ഡെൻവറുമായുള്ള ഗാഢ ബന്ധത്തിന്റെയും ഫലമായി മറിച്ചു തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇവർ കൊള്ളസംഘത്തിന്റെ ഭാഗമാകുന്നുണ്ട്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News