ശിവകാർത്തികേയന് നായികയായി യുക്രൈൻ താരം
പുതിയ ചിത്രം 'എസ്‌കെ 20'യിലാണ് യുക്രൈൻ താരം ഹീറോയിനായി വേഷമിടുന്നത്
റഷ്യൻ സേന നടത്തിയ അധിനിവേശത്തിന്റെ പേരിലാണ് യുക്രൈൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അശാന്തമായ വാർത്തകൾക്കപ്പുറത്ത്, യുദ്ധം തകർത്ത നാട്ടിൽ നിന്നിതാ ഒരു നായികയെത്തുകയാണ് തെലുങ്ക് സിനിമയിലേക്ക്. സൂപ്പർ താരം ശിവകാർത്തികേയൻ നായകനാകുന്ന ദ്വിഭാഷാ ചിത്രം 'എസ്‌കെ 20'യിലാണ് യുക്രൈൻ താരം ഹീറോയിനായി വേഷമിടുന്നത്.
ഇരുപത്തിയഞ്ചുകാരിയായ നടി മരിയ റ്യബോഷപ്ക ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മരിയയ്ക്ക് സ്വാഗതം ആശംസിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ട്വീറ്റ് ചെയ്തു. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിവകാർത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേംഗി അമരെൻ, പ്രാങ്ക്‌സ്റ്റെർ രാഹുൽ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ചിത്രം നിർമിക്കുന്നത്. തമിഴിലും തെലുങ്കിലുമായിയാണ് സിനിമ ഷൂട്ട് ചെയ്യുന്നത്.
ശിവകാർത്തികേയന്റേതായി പുറത്തിറങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‌കെ 20' എത്തുക.
2018ൽ എതർ എന്ന സിനിമയിലാണ് മരിയ ആദ്യമായി അഭിനയിച്ചത്. റോം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 2021ൽ സ്‌പെഷ്യൽ ഓപ്‌സ് 1.5: ദ ഹിമ്മത് സ്റ്റോറി എന്ന ചിത്രത്തിലും വേഷമിട്ടു.