'അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിന്ന ഞങ്ങളുടെ ഇപ്പോഴത്തെയും സ്ഥാപകാംഗം'-കല്ലെറിയുന്നത് കണ്ടുനില്‍ക്കാനാകില്ലെന്ന് ഡബ്ല്യു.സി.സി

''നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ സ്ത്രീകൾ തിളങ്ങിനിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്.''

Update: 2024-08-22 15:15 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഡബ്ല്യു.സി.സി സ്ഥാപകാംഗം സിനിമയിലെ സ്ത്രീവിവേചനങ്ങൾ തള്ളിക്കളഞ്ഞെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്ടീവ്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുകയും മുതിർന്ന കലാകാരികളെ അപമാനിക്കുകയുമാണ് ഓൺലൈൻ റിപ്പോർട്ടുകളിൽ കാണുന്നത്. അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിന്ന നടി ഇപ്പോഴും സംഘടനയുടെ സ്ഥാപകാംഗം തന്നെയാണെന്നും അവർക്കെതിരായ സൈബർ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും ഡബ്ല്യു.സി.സി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യു.സി.സി കരുതുന്നു. മറിച്ചുപറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതുരീതിയാണ്. സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചു തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേസമൂഹത്തിലെ അപരിഷ്‌കൃതർ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാനാകില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടമുണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങിനിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടതെന്നും ഡബ്ല്യു.സി.സി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഡബ്ല്യു.സി.സി വാർത്താകുറിപ്പിന്റെ പൂർണരൂപം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്കൊപ്പം ഈ ആഹ്ലാദത്തിൽ കൂടെനിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു.

250ഓളം പേജുകളുള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീവിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ മുൻകൈയെടുക്കുകയും ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.

എന്നാൽ, മാധ്യമങ്ങളുടെ ഹൈലേറ്റുകളിൽ 'ഡബ്ല്യു.സി.സി മുൻ സ്ഥാപകാംഗത്തിന്റേത്' എന്ന് പറയുന്ന മൊഴികൾക്കു പിറകെപോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുകയും, മുതിർന്ന കലാകാരികളെ അപമാനിക്കുകയും ചെയ്യുന്ന തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിന്ന ഞങ്ങളുടെ 'ഇപ്പോഴത്തെയും' സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യു.സി.സി കരുതുന്നു. മറിച്ചുപറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതുരീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചു തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേസമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാനാകില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

Full View

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടമുണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങിനിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസിലാക്കി തിരുത്തി മുന്നോട്ടുപോകാനുള്ള ആർജവമാണ് വേണ്ടത്.

Summary: WCC condemns the cyber attack against 'it's founding member who has stood firm with the survivor' in actress assault case, after Hema committee report comes out

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News