'അതിജീവിച്ചവൾക്കൊപ്പം നിന്ന് നീതി നടപ്പാക്കണം'; മുഖ്യമന്ത്രിയോട് ഡബ്ല്യു.സി.സി

സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി

Update: 2022-01-04 10:23 GMT
Advertising

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട നടിയുടെ ആവശ്യത്തിന് പിന്തുണയുമായി വനിതാ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യു.സി.സി. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെടുന്നത്.

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. സിനിമ രംഗത്തെ ചൂഷണങ്ങളെ പറ്റി പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം തികഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയും ഡബ്ല്യു.സി.സി രംഗത്തെത്തിയിരുന്നു.

Full View

കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കത്ത്. കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്. 

അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി ഉത്തരവ്. 20ാം തിയതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്‍റെ വാദം. നിലവിലുള്ള പ്രോസിക്യൂട്ടർ രാജി വച്ച സാഹചര്യത്തിൽ സർക്കാരിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള സാവകാശവും കോടതി നൽകിയിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News