തീയിട്ട് കൊന്നത് മുൻ കാമുകനെയും സുഹൃത്തിനേയും; ആരാണ് ബോളിവുഡ് നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ?
ന്യൂയോർക്ക് സിറ്റിയിലെ ക്യൂൻസിൽ മുൻ കാമുകന്റെ വസതിക്ക് തീവച്ചാണ് കൊലപാതകം
ന്യൂയോർക്ക് സിറ്റി: മുൻ കാമുകനെയും സുഹൃത്തിനേയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് നടിയും മോഡലുമായ നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റിൽ. ന്യൂയോർക്ക് സിറ്റിയിലെ ക്യൂൻസിൽ മുൻ കാമുകന്റെ വസതിക്ക് തീവെച്ചെന്നാണ് റിപ്പോർട്ട്. ആലിയയുടെ മുൻ കാമുകൻ എഡ്വേർഡ് ജേക്കബ്സ് (35), സുഹൃത്ത് അനസ്താസിയ എറ്റിനി (33) എന്നിവരാണ് മരിച്ചത്.
നവംബര്‍ രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ജേക്കബ്സിന്റെ വീടിന്റെ പ്രവേശന കവാടത്തിലുള്ള ഗാരേജിൽ ആലിയ തീകൊളുത്തുകയായിരുന്നു. 'ഇന്ന് നിങ്ങളെല്ലാം മരിക്കാന്‍ പോവുകയാണ്' എന്ന് പറഞ്ഞാണ് ആലിയ കെട്ടിടത്തിന് തീയിട്ടത്. തീപിടിച്ചതറിഞ്ഞ് എറ്റിനി മുകള്‍നിലയില്‍നിന്ന് താഴേക്ക് വന്നെങ്കിലും ഉറങ്ങുകയായിരുന്ന ജേക്കബ്‌സിനെ രക്ഷിക്കാനായി വീണ്ടും മുകളിലേക്ക് പോയി. എന്നാല്‍, അതിനകം കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്ന് ഇരുവരും കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരണം സംഭവിക്കുകയുമായിരുന്നു.
ഒരുവര്‍ഷം മുന്‍പ് ജേക്കബ്‌സ് 43 കാരിയായ ആലിയയുമായുള്ള സൗഹൃദം ഉപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, യുവതി ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. സൗഹൃദത്തില്‍നിന്ന് പിന്മാറിയതിന്റെ പകയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ബോളിവുഡ് താരം നർഗീസ് ഫക്രിയുടെ ഇളയ സഹോദരിയാണ് ആലിയ ഫക്രി. ഇരുവരുടേയും പിതാവ് മുഹമ്മദ് ഫക്രി പാകിസ്താന്‍ പൗരനും മാതാവ് മേരി ചെക്ക് റിപ്പബ്ലിക് സ്വദേശിയുമാണ്. നര്‍ഗീസിന്റെ കുട്ടിക്കാലത്തുതന്നെ ഇരുവരും വിവാഹമോചിതരായിരുന്നു. കുറച്ചു കാലത്തിനുശേഷം പിതാവ് മരിക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷമായി ആലിയയുമായി നര്‍ഗീസിന് യാതൊരു ബന്ധവുമില്ലെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയില്‍ മോഡലിങ് രംഗത്ത് തിളങ്ങിയ നര്‍ഗീസ് ഫക്രി 2011ല്‍ 'റോക്ക്സ്റ്റാര്‍' എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മദ്രാസ് കഫെ, മെയിന്‍ തേരാ ഹീറോ, ഹൗസ്ഫുള്‍ 3 തുടങ്ങിയ ബോളിവുഡ് സിനിമകളിലും 2015ല്‍ പുറത്തിറങ്ങിയ 'സ്‌പൈ' എന്ന ഹോളിവുഡ് സിനിമയിലും നര്‍ഗീസ് ഫക്രി അഭിനയിച്ചിരുന്നു.