ആറ് ബോളിൽ ആറ് സിക്‌സ്..! മിന്നൽ മുരളിയുടെ സ്‌പീഡ്‌ ടെസ്റ്റ് ചെയ്‌ത്‌ സാക്ഷാൽ യുവരാജ് സിംഗ്

മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും കൊല്‍ക്കൊത്ത, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്നുവീഴുന്നത്

Update: 2021-12-23 08:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നല്‍ മുരളി ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഉണ്ടായ അതേ ആവേശം തന്നെയാണ് ട്രയിലര്‍ ഇറങ്ങിയപ്പോഴും. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ഒരു കോടിയിലേറെ ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ആദ്യ ട്രയിലർ കണ്ടത്.

സൂപ്പര്‍ഹീറോ ടെസ്റ്റിന് എത്തുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ഈയിടെ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ സൂപ്പര്‍ഹീറോ ആകുന്നതിന് റെസ്‍ലിങ് താരം ദി ഗ്രേറ്റ് ഖാലിയുടെ ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ ആണ് പുറത്തുവിട്ടത്. ഇപ്പോള്‍ മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ. ഇത്തവണ മിന്നലിന്‍റെ ശക്തി പരീക്ഷിക്കാനെത്തിയിരിക്കുന്നത് സാക്ഷാല്‍ യുവരാജ് സിംഗാണ്. മിന്നല്‍ മുരളി അടിക്കുന്ന ഓരോ സിക്സും കൊല്‍ക്കൊത്ത, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്നുവീഴുന്നത്.

ടൊവിനോ മിന്നല്‍ മുരളി എന്ന സൂപ്പര്‍ഹീറോ ആയി എത്തുന്ന ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളി നിർമിക്കുന്നത്. ഡിസംബർ 16ന് ചിത്രത്തിന്‍റെ പ്രീമിയർ ജിയോ മാമി ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു.

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിർ ആണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കഥയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News