പരിക്ക്: ലുക്കാക്കുവില്ലാതെ ബെൽജിയം; ആദ്യ മത്സരങ്ങൾ നഷ്ടമാകും
ബെൽജിയത്തിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാമനാണ് ലുക്കാക്കു. 102 മത്സരങ്ങളിൽ നിന്നായി 68 ഗോളുകളാണ് ലുക്കാകു നേടിയത്
ദോഹ: ബെൽജിയത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങൾ സൂപ്പർതാരം റൊമേലു ലുക്കാക്കുവിന് നഷ്ടമാകും. ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാകും ലൂക്കാക്കു ഇറങ്ങുക. അതും പരിക്ക് പൂര്‍ണമായി സുഖപ്പെട്ടാല്‍. വെള്ളിയാഴ്ച ഖത്തറിലെത്തിയ ബെൽജിയം ടീമിന്റെ പരിശീലന സെഷനിലൊന്നും ലുക്കാക്കു ഇല്ലായിരുന്നു. താരത്തിനെ പരിക്ക് ഇപ്പോഴും അലട്ടുന്നുണ്ട്.
ലുക്കാക്കുവിനെ ടീമിലേക്ക് തെരഞ്ഞൈടുക്കുന്ന സമയത്ത് തന്നെ പരിക്ക് പ്രശ്നമായിരുന്നു. എന്നാൽ പരിക്കിൽ നിന്ന് മോചിതനാകും എന്ന് കണ്ടാണ് താരത്തെ ടീമിലുൾപ്പെടുത്തിയത് തന്നെ. ഗ്രൂപ്പ് എഫിൽ കാനഡ, മൊറോക്ക എന്നിവരാണ് മറ്റു ടീമുകൾ. ഈ ടീമുകൾക്കെതിരെ ലുക്കാക്കു ഇറങ്ങില്ല. റാങ്കിങിൽ ബെൽജിയത്തെക്കാൾ താഴെയാണെങ്കിൽ എഴുതിതള്ളാൻ പറ്റുന്നവരല്ല ഇരു ടീമുകളും. ബെൽജിയത്തിന്റെ ഗോൾവേട്ടക്കാരിൽ ഒന്നാമനാണ് ലുക്കാക്കു. 102 മത്സരങ്ങളിൽ നിന്നായി 68 ഗോളുകളാണ് ലുക്കാകു നേടിയത്. അതേസമയം കഴിഞ്ഞ സീസണുകൾ ലുക്കാക്കു മറക്കാനാഗ്രഹിക്കുന്നതാണ്.
ചെൽസിയിലെ പ്രകടനം മങ്ങിയതിന് പിന്നാലെ ലോണിൽ താരം തന്റെ പഴയ തട്ടകമായ ഇന്റർമിലാനിലേക്ക് ചേക്കുറുകയും ചെയ്തു. രണ്ടാം വരവരില്‍ നാല് തവണയാണ് ലുക്കാക്കു ഇന്റർമിലാനായി കളിച്ചത്. പരിക്കേറ്റതോടെ താരം ചികിത്സ തേടുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നഷ്ടമായാലും പ്രീക്വാർട്ടർ മത്സരങ്ങളിലെങ്കിലും പരീക്ഷിക്കാമെന്ന് കണ്ടാണ് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരത്തെ ടീമിലെടുത്തത് തന്നെ.
അതേസമയം കാൽപ്പന്തു കളിയുടെ വിശ്വമേളക്ക് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരുടെ മുഴുവൻ കാത്തിരിപ്പുകൾക്കും വിരാമം കുറിച്ച് ഇന്ന് ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറുമാണ് ഏറ്റുമുട്ടുക. കണക്കിൽ ഖത്തറും ഇക്വഡോറും ഏതാണ്ട് തുല്യ ശക്തികളാണ്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കില്‍ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടുന്നത്.