കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു
ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് നാല്‍പതിനായിരത്തോളം കേസുകളാണ്. നിയമ ലംഘനങ്ങള്‍ക്കു പിഴ ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടു പാര്‍ലിമെന്റില്‍ കരട് നിര്‍ദേശം സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് നാല്‍പതിനായിരത്തോളം കേസുകളാണ്. നിയമ ലംഘനങ്ങള്‍ക്കു പിഴ ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടു പാര്‍ലിമെന്റില്‍ കരട് നിര്‍ദേശം സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചുവപ്പു സിഗ്‌നല്‍ മറികടക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക, അമിത വേഗത തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ സംഖ്യ ഇരട്ടിയാക്കുന്നതിനെ കുറിച്ചാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച കരട് നിര്‍ദേശം വൈകാതെ തന്നെ പാര്‍ലമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തു ട്രാഫിക് നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പിഴ വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. അതിനിടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ 1949 വാഹനങ്ങള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് പിടിച്ചെടുത്തു. മതിയായ രേഖകളില്ലാതെ നിരത്തിലിറക്കിയതിനും നിരോധിത മേഖലകളില്‍ നിര്‍ത്തിയിട്ടതിനും ആണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ട്രാഫിക് പരിശോധനകളില്‍ 39,978 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്‌നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കൂടുതല്‍ പിടികൂടിയത്. കടുത്ത നിയമലംഘനങ്ങള്‍ നടത്തിയ 52 പേരെ ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക സെല്ലിലേക്കും ലൈസന്‍സില്ലാതെ വാഹനമോടിച്ച ആറ് വിദേശികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി അധികൃതര്‍ അറിയിച്ചു.