സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ഗള്‍ഫ് രാജ്യങ്ങള്‍ മുറുകെപിടിക്കണമെന്ന് ഐഎംഎഫ്

Update: 2017-06-19 15:13 GMT
Editor : Alwyn K Jose
സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ഗള്‍ഫ് രാജ്യങ്ങള്‍ മുറുകെപിടിക്കണമെന്ന് ഐഎംഎഫ്
Advertising

യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൈക്കൊണ്ട സാമ്പത്തിക നയ നിലപാടുകള്‍ ശരിയായ ദിശയിലുള്ളതാണെന്നും ഐഎംഎഫ് വിലയിരുത്തി.

സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് ഐഎംഎഫ് നിര്‍ദേശം. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൈക്കൊണ്ട സാമ്പത്തിക നയ നിലപാടുകള്‍ ശരിയായ ദിശയിലുള്ളതാണെന്നും ഐഎംഎഫ് വിലയിരുത്തി.

എണ്ണവില തകര്‍ച്ച മൂലം ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക മേഖലയിലെ വൈവിധ്യവത്കരണം തന്നെയാണ് പ്രധാനമെന്ന് ഐഎംഎഫ് റീജ്യനല്‍ മേധാവി മസൂദ് അഹ്മദ് പറഞ്ഞു. ഇതിനായി അടുത്ത ഏതാനും വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ രൂപം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വക ചെലവുകള്‍ കുറക്കാനും ഇന്ധന സബ്സിഡി ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കാനും നേരത്തെ ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തെയും ഐഎംഎഫ് അഭിനന്ദിച്ചു. എണ്ണവിലയില്‍ വരും വര്‍ഷങ്ങളിലും കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. ചൈനയുടെയും മറ്റും സാമ്പത്തിക വളര്‍ച്ച പിറകോട്ടടിച്ചതും എണ്ണ വിപണിക്ക് തിരിച്ചടിയാണ്. എണ്ണവില ബാരലിന് ഏതാണ്ട് 50 ഡോളര്‍ എന്ന നിരക്കാണ് അടുത്ത വര്‍ഷത്തേക്ക് ഐഎംഎഫ് കാണുന്നത്.

മൊത്തം ജിസിസിയുടെ വളര്‍ച്ചാ തോതിലും കാര്യമായ മാറ്റം ഉണ്ടാകില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. നടപ്പു വര്‍ഷം യുഎഇയുടെ സാമ്പത്തിക വളര്‍ച്ച 2.3 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. സൗദിയുടേത് 2.5 ശതമാനവും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News