വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം; മലയാളികളുടെ പ്രശ്നത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നു
നൂറോളം മലയാളികളാണ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും പിടിയിലായത്
യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പിടിക്കപ്പെട്ട മലയാളി നഴ്സുമാരുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടും. പ്രശ്നത്തില്‍ ഇടപെടണമെന്ന ഇരകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍. നൂറോളം മലയാളികളാണ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും പിടിയിലായത്.
സൗദിയില്‍ ആരോഗ്യ, എന്‍ജിനിയറിംഗ് രംഗത്തുള്ളവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൌദി ഭരണകൂടം പരിശോധിക്കുന്നുണ്ട്. ഇതിലാണ് നിരവധി മലയാളികള്‍ കുടുങ്ങിയത്. നാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയതോ പ്രവര്‍ത്തി പരിചയം നേടിയതോ ആയ പല സ്ഥാപനങ്ങളും ഇന്ന് നിലവിലില്ല. വിവിധ യൂണിവേഴ്സിറ്റികള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലും പഠിച്ച സ്ഥാപനം നിലവിലില്ലെങ്കില്‍ അംഗീകരിക്കപ്പെടുന്നില്ല.
കഴിഞ്ഞ നാല് മാസങ്ങളില്‍ ഇത്തരത്തില്‍ നൂറോളം മലയാളികളാണ് പ്രശ്നത്തില്‍ അകപ്പെട്ടിട്ടുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ അറസ്റ്റിലായി ജയിലിലാണ്. ഇത്തരക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നിയമ സഹായം ലഭ്യമാകുമെന്നാണ് കേരളം സര്‍ക്കാര്‍ അറിയിച്ചത്. ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകര്‍ അയച്ച കത്തിനുള്ള മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ ആ രാജ്യത്തിന്റെ നിയമ നടപടി നേരിടേണ്ടി വരും.