സ്ത്രീകള്‍ക്ക് സ്വസ്ഥമായി വാഹനമോടിക്കാം; ഡ്രൈവിങിന് പ്രത്യേക നിയന്ത്രണമുണ്ടാകില്ലന്ന് സൌദി
നിരത്തുകളില്‍ വനിതാ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പുവരുത്തും
സ്ത്രീകള്‍ക്ക് മാത്രമായി ഡ്രൈവിങിന് പ്രത്യേക നിയന്ത്രണമുണ്ടാകില്ലെന്ന് സൌദി ട്രാഫിക് വിഭാഗം. നിരത്തുകളില്‍ വനിതാ ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പുവരുത്തും. നിയമലംഘകരായ വനിതാ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തടവു കേന്ദ്രവും സ്ഥാപിക്കും. നിയമ ലംഘനത്തിന് രാജ്യത്ത് നിലവിലുള്ള പിഴയിലും ശിക്ഷകളിലും മാറ്റം വരുത്താനും ആലോചനയുണ്ട്.
അടുത്ത വര്‍ഷം മുതല്‍ സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാം. ഇതിന് മുന്നോടിയായാണ് വാഹനമോടിക്കുന്ന കാര്യത്തില്‍ ട്രാഫിക് വിഭാഗം വ്യക്തത വരുത്തിയത്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ പ്രത്യേകമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഉദ്ദേശിക്കുന്നിലെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. രാജ്യത്തെ വന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ വരെ സ്ത്രീകള്‍ക്കും വാഹനമോടിച്ച് പോകാം. ഏതെങ്കിലും നിരത്തുകളിലോ ഏതെങ്കിലും പ്രദേശങ്ങളിലോ സ്ത്രീകള്‍ക്ക് പ്രത്യേക വിലക്കുണ്ടാകില്ല. ജൂണ്‍ 24ന് ലൈസന്‍സ് നല്‍കിത്തുടങ്ങുന്നതോടെ ലൈസന്‍സിന്റെ എല്ലാ ആനുകൂല്യങ്ങളും സ്ത്രീകള്‍ക്കും ലഭിക്കും. വനിത ട്രാഫിക് പൊലീസും ഈ സന്ദര്‍ഭത്തില്‍ സേവനത്തിലുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. തൊഴില്‍, സാമൂഹ്യക്ഷേമം, സിവില്‍ സര്‍വീസ് എന്നീ മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത് നിലമലംഘകരായ വനിത ഡ്രൈവര്‍മാരെ പാര്‍പ്പിക്കാനുള്ള അഭയകേന്ദ്രങ്ങളും സ്ഥാപിക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള തടവും പിഴയും അവലോകനം ചെയ്യുമെന്നും നിയമലംഘനത്തിന് നല്‍കുന്ന പോയിന്‍റുകള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി, റോഡ് സുരക്ഷ, പൊതുസുരക്ഷ എന്നീവയുടെ മേധാവികളും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.