ലുലു ഗ്രൂപ്പിന്റെ 140ാം ഔട്ട്ലറ്റ് ഷാർജയിൽ പ്രവർത്തനം തുടങ്ങി
ഷാര്‍ജയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് കൂടിയാണിത്
ലുലു ഗ്രൂപ്പിന്റെ 140ാം ഔട്ട്ലറ്റ് ഷാർജയിൽ പ്രവർത്തനം തുടങ്ങി. ഷാര്‍ജയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് കൂടിയാണിത്. ഷാർജയിലെ അല്‍ഹസാന ഏരിയയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ഹൈപ്പർ മാർക്കറ്റിന്റെ പ്രവർത്തനം.
ഷാര്‍ജ ഉപ ഭരണാധികാരിയും ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി, സിഇഒ സൈഫീ രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറ്ഫലി, ഡയറക്ടര്‍ എം.എ സലീം എന്നിവരും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
ലുലു ഗ്രൂപ്പിന്റെ വികസന പദ്ധതിയുടെ ഭാഗമായി ഷാര്‍ജയില്‍ കൂടുതൽ ഹൈപര്‍ മാര്‍ക്കറ്റുകള്‍ നിര്‍മിക്കുമെന്ന് എം.എ യൂസുഫലി വെളിപ്പെടുത്തി. യുഎഇയിലെ ഭരണാധികാരികളില്‍ നിന്നും സ്വദേശികളളും വിദേശികളുമായ പൗരന്മാരില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ ഏറെ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 160,000 ചതുരശ്ര അടി വലുപ്പത്തിലുള്ള പുതിയ ഹൈപര്‍ മാര്‍ക്കറ്റ് അല്‍ഹസാന ഏരിയയിലെ ഖാലിദ് ബിന്‍ മുഹമ്മദ് സ്‌റ്റേഡിയത്തിനും അല്‍ഷാബ് വില്ലേജിനും തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭക്ഷ്യോൽപന്നങ്ങൾക്കു പുറമെ ഫാഷന്‍, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഐ.ടി, ഡോയ്‌സ്, ആക്‌സസ്സറീസ്, ഫൂട്‌വെയര്‍ എന്നിവയും ഹെപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.