ദുബൈയില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പുതിയ സംവിധാനം
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ദുബൈ നഗരസഭ സഞ്ചരിക്കുന്ന സ്റ്റേഷനുകള്‍ രംഗത്തിറക്കുന്നു.
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ദുബൈ നഗരസഭ സഞ്ചരിക്കുന്ന സ്റ്റേഷനുകള്‍ രംഗത്തിറക്കുന്നു. പരിശോധനാ യന്ത്രങ്ങള്‍ ഘടിപ്പിച്ച വാനുകള്‍ 24 മണിക്കൂറും നഗരത്തിലെ അന്തരീക്ഷ വായു പരിശോധിക്കും.
കമ്പ്യൂട്ടറും പ്രത്യേക സോഫ്റ്റ് വെയറും സജ്ജീകരിച്ച വാനാണ് നഗരത്തില്‍ ചുറ്റിക്കറങ്ങുക. സംവിധാനം നിലവില്‍ വരുന്നതോടെ നഗരത്തിലെ തിരക്കേറിയ റോഡുകളിലെയെല്ലാം മലിനീകരണത്തിന്റെ തോത് തത്സമയം നഗരസഭയുടെ മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെ ഓഫീസിലെത്തും. നൈട്രജന്‍ ഓക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഓസോണ്‍ എന്നിവയുടെ അളവ് കണക്കാക്കാന്‍ വാഹനത്തില്‍ സംവിധാനമുണ്ടാകും.
നിലവില്‍ നഗരത്തിലെ 46 ഇടത്ത് അന്തരീക്ഷ വായു പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെ ക്വാറികള്‍, ക്രഷറുകള്‍, സിമന്‍റ് ഫാക്ടറികള്‍ എന്നിവയില്‍ നിന്നുയരുന്ന പൊടി പരിശോധിക്കാനും പ്രത്യേക കേന്ദ്രങ്ങളുണ്ട്. ഇതിന് പുറമെയാണ് സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രങ്ങള്‍ കൂടി വരുന്നത്. വായുവിലെ അതിസൂക്ഷ്മ കണികകളുടെ അളവ് 2.5ല്‍ കൂടരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.