കുവൈത്തില്‍ ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റി

Update: 2018-05-13 04:08 GMT
Editor : admin
കുവൈത്തില്‍ ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റി
Advertising

കുവൈത്തില്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി.

Full View

കുവൈത്തില്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലെ മറ്റു തൊഴിലിടങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി. ഒളിച്ചോട്ട പരാതികള്‍ നിരീക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കുമെന്നും അതോറിറ്റി അറിയിച്ചു.

പ്രത്യേക ഉത്തരവിലൂടെയാണ് മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് അതോറിറ്റി ജമിയ്യ ജോലിക്കാരുടെ വിസ മാറ്റ അനുമതി എടുത്തുമാറ്റിയത്. ഇത് പ്രകാരം സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് ജംഇയ്യകളിലേക്കല്ലാതെ വിസ മാറുന്നതിന് അനുമതിയുണ്ടായിരിക്കില്ല. എന്നാല്‍ ഒരു ജംഇയ്യക്ക് കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു ജംഇയ്യയിലേക്ക് വിസ മാറ്റുന്നതിന് തടസ്സം ഉണ്ടാകില്ല. കാര്‍ഷിക, മത്സ്യബന്ധനമേഖലകളില്‍ നേരത്തെ ഈ നിയമം നടപ്പാക്കിയിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് പുതുതായി തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതും മാന്‍ പവര്‍ അതോറിറ്റി ഈയിടെ താല്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

അതിനിടെ തൊഴിലാളികള്‍ ഒളിച്ചോടിയെന്നു കാണിച്ചു തൊഴിലുടമകള്‍ നല്‍കുന്ന പരാതികള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പ്രത്യേക സംവിധാനം ഉണ്ടാകും എന്ന് മാന്‍ പവര്‍ അതോറിറ്റി പബ്ലിക് റിലേഷന്‍ മേധാവി മദ്‌ലൂഫ് അല്‍ ദുഫൈരി പറഞ്ഞു. രാജ്യത്തെ 6 പ്രവിശ്യകളിലും മാന്‍ പവര്‍ അതോറിറ്റി ഓഫീസുകളില്‍ ഇതിനുള്ള സംവിധാനമൊരുക്കാനാണ് തീരുമാനം കഴിഞ്ഞ വര്‍ഷം മാത്രം 18000 ത്തിനടുത്ത് പരാതികളാണ് ലഭിച്ചത്. വ്യാജ പരാതികള്‍ ഇല്ലാതാക്കാന്‍ പരാതിക്കൊപ്പം ആരോപണം ശരിയാണെന്ന് സമര്‍ത്ഥിക്കുന്ന സത്യവാങ്മൂലം കൂടി തൊഴിലുടമ ഹാജരാക്കണം. ആരോപണം സത്യമല്ലെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അല്‍ ദുഫൈരി കൂട്ടി ച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News