ലൈസന്‍സില്ലാതെ വാഹനമോടിച്ച വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്
സ്വന്തം ജീവനുപുറമേ മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്ന സമീപനമാണ് ഗതാഗത നിയമ ലംഘകരുടേത്.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ പിടിയിലായ വിദേശികളെ ഉടന്‍ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല യൂസുഫ് അല്‍മുഹന്ന വ്യക്തമാക്കി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തുമെന്ന നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുവേണ്ടി ഇംഗ്‌ളീഷിലും അറബിയിലും മറ്റ് ഭാഷകളിലും ആഭ്യന്തര മന്ത്രാലയം പബ്‌ളിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സില്ലാത്തതിന്റെ പേരില്‍ പിടിയിലായവരില്‍ അധികപേരും അറബ്, ഏഷ്യന്‍ വംശജരാണെന്ന് മുഹന്ന പറഞ്ഞു.
സ്വദേശികളിലൂടെയും വിദേശികളുടെയും സുരക്ഷക്കുവേണ്ടി ട്രാഫിക് വിഭാഗം നടപ്പാക്കുന്ന നിയമങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജീവനുപുറമേ മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്ന സമീപനമാണ് ഗതാഗത നിയമ ലംഘകരുടേത്. അപകടങ്ങളും ഗതാഗതക്കുരുക്കുകളും പരമാവധി കുറക്കുന്നതിനുവേണ്ടി ട്രാഫിക് വിഭാഗം എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.