ദുബൈയില്‍ ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണം
നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ പ്രതിമാസം 500 ദിർഹം തോതിൽ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചു
ദുബൈയില്‍ ജീവനക്കാർക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാൻ തൊഴിലുടമകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ പ്രതിമാസം 500 ദിർഹം തോതിൽ പിഴയൊടുക്കേണ്ടി വരുമെന്നും ദുബൈ ആരോഗ്യ വകുപ്പ് അറിയിച്ചു.
2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും ഇൻഷുറൻസ് പുതുക്കേണ്ട സമയമാണിത്. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പുതുക്കിയില്ലെങ്കിൽ വിസ പുതുക്കുന്ന ഘട്ടത്തിൽ മാസം 500 തോതിൽ ഫൈൻ അടക്കേണ്ടി വരുമെന്ന് ഡി.എച്ച്.എ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ്സ്പോൺസർമാർക്ക് മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് സിസ്റ്റം മുഖേന കമ്പനിയിൽനിന്ന് ഫൈൻ പിടിച്ചെടുക്കും. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തവര്‍ നിയമലംഘനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കാൻ തുനിഞ്ഞ 14 ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഫൈൻ ചുമത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിയമലംഘനത്തിന് എൺപതിനായിരം ദിർഹം വരെയാണ് ഇവരിൽ നിന്ന് ഈടാക്കിയത്.