ഇസ്രായേലിനെതിരെ യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച അല്‍ഥാനിക്ക് അഭിനന്ദന പ്രവാഹം
അമീറിന്റെ പ്രസംഗം അറബ്-ഇസ്ലാമിക ലോകത്തിന്റെ പ്രതിനിധാനമാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്
ഫലസ്തീന്‍ ,സിറിയന്‍, യെമന്‍ വിഷയങ്ങളെ അധികരിച്ചും ഇസ്രായേലിനെ വിമര്‍ശിച്ചും യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് അറബ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹം . അമീറിന്റെ പ്രസംഗം അറബ്-ഇസ്ലാമിക ലോകത്തിന്റെ പ്രതിനിധാനമാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കില്‍ യു എന്‍ പൊതുസഭയെ അഭിമുഖീകരിച്ച് കൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നടത്തിയ പ്രസംഗം നിറഞ്ഞ കയ്യടികളോടെയാണ് ലോക നേതാക്കള്‍ ഏറ്റ് വാങ്ങിയത്. മേഖലയെ അശാന്തമാക്കുന്ന പ്രധാനവിഷയങ്ങളിലെല്ലാം പ്രതികരണമറിയിച്ച അമീറിന്റെ പ്രസംഗം അറബ്-ഇസ്ലാമിക ലോകത്തിന്‍റെ പ്രതിനിധാനമായി. ലോകത്ത് ഇന്ന് നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ശക്തമായി അപലപിചും അതിന് നേതൃത്വത്വം കൊടുക്കുന്ന രാജ്യങ്ങളില്‍ ചിലതിനെ പേരെടുത്ത് വിമര്‍ശിച്ചുമാണ് അമീറിന്‍്റെ പ്രസംഗം മുന്നേറിയത്. സാമ്രാജ്യത്വ ശക്തികള്‍ക്ക് മുന്‍പില്‍ തലയെടുപ്പോടെ ഉറച്ച ശബ്ദത്തില്‍ ശൈഖ് തമീം നടത്തിയ പ്രസംഗം നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.സിറിയന്‍ ജനതയുടെ ശബ്ദമാണ് അമീര്‍ ഐക്യ രാഷ്ട്ര സഭയില്‍ പ്രതിനിധീകരിച്ചത് എന്നാണ് ദോഹയിലെ സിറിയന്‍ അംബാസഡര്‍ നിസാര്‍ ഹറാക്കി അഭിപ്രായപ്പെട്ടത് . സിറിയന്‍ പ്രസിഡന്റിന്റെ ഭീകര മുഖം ലോക നേതാക്കള്‍ക്ക് മുന്‍പില്‍ വെളിപ്പെടാന്‍ അമീറിന്റെ പ്രസംഗം സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ വിഷയം സജീവ ചര്‍ച്ചയാക്കി കൊണ്ടുള്ള അമീറിന്റെ പ്രസംഗം ഫലസ്തീന്‍ ജനതയുടെ വികാരമാണ് പ്രതിനിധീകരിച്ചതെന്ന് ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഗന്നാം പറഞ്ഞു . ഫലസ്തീന്‍ വിഷയത്തില്‍ അമീറിന്റെ പ്രസംഗം സമ്പൂര്‍ണമാണ്. ഇനി അതിന് മേല്‍ ഐക്യ രാഷ്ട്ര സഭ തീരുമാനം എടുക്കുകയാണ് വേണ്ടതെന്ന് ഗന്നാം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ അമീറിന്റെ പ്രസംഗത്തെ മുക്തകണ്ഠം പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങളാണ് അറബ് ലോകത്ത് നിന്ന് വരുന്നത് . 100 രാജ്യങ്ങളിലായി ഒരു കോടി അഭയാര്‍ത്ഥികളെ സഹായിക്കുന്ന ഖത്തറിന്റെ ഭരണാധികാരി യുദ്ധക്കൊതിക്കെതിരെയും മനുഷ്യാവവകാശ ധ്വംസനങ്ങള്‍ക്കെതിരെയും നടത്തിയ പ്രഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ് .