ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്‍ക്കുമേല്‍ പിടിവീഴുന്നു

Update: 2018-06-02 23:09 GMT
Editor : Ubaid
ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്‍ക്കുമേല്‍ പിടിവീഴുന്നു
Advertising

2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ

Full View

ദുബൈയില്‍ ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കിക്കൊടുക്കാത്ത തൊഴിലുടമകള്‍ക്കുമേല്‍ പിടിവീഴുന്നു. ഡിസംബറിനകം സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷൂറന്‍സ് ലക്ഷ്യം സാധ്യമാക്കാത്ത പക്ഷം വന്‍തുക പിഴശിക്ഷയടക്കം കടുത്ത നടപടികളാണ് ദുബൈ ഹെല്‍ത് അതോറിറ്റി സ്വീകരിക്കുക.

2013ലെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം 11 പ്രകാരം ദുബൈ വിസയുള്ള എല്ലാ ആളുകള്‍ക്കും ഈ വര്‍ഷം ജൂണ്‍ 30നകം ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളുകള്‍ക്ക് ഇനിയും ഇന്‍ഷൂറന്‍സ് സൗകര്യം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് സമയം അനുവദിച്ചത്. എന്നാല്‍ ഇനി വിട്ടുവീഴ്ചയുണ്ടാവില്ളെന്നും സമയപരിധി നീട്ടുകയില്ളെന്നും ഡി.എച്ച്.എ ഹെല്‍ത് ഫണ്ടിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് വ്യക്തമാക്കി. ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് ഒരുക്കാത്തവര്‍ നിയമലംഘനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്‍ഷൂറന്‍സ് പ്രീമിയത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് തൊഴിലുടമയില്‍ നിന്ന് പിഴയായി ഈടാക്കുക. ഒരു വ്യക്തിക്ക് വാര്‍ഷിക ഇന്‍ഷൂറന്‍സ് തുക 550 ദിര്‍ഹമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ വീഴ്ച വരുത്തുന്നവര്‍ പ്രതിമാസം 500 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയം തുക ഈടാക്കാന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. തൊഴിലുടമ ഇല്ലാത്ത വ്യക്തികളുടെ ഇന്‍ഷൂറന്‍സ് തുക സ്പോണ്‍സര്‍ വഹിക്കണം. ഡോക്ടര്‍മാരുടെ ഫീസ്, ശസ്ത്രക്രിയ, പ്രസവ ശുശ്രൂഷ, അടിയന്തിര ചികിത്സകള്‍ തുടങ്ങിയ ആരോഗ്യ ആവശ്യങ്ങള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News