സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് തൊഴിലാളികളെ പിരിച്ചുവിടുന്നത് നിരവധി ഇന്ത്യക്കാരെ പ്രയാസത്തിലാക്കുന്നു
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ ബിന്‍ലാദന്‍ ഗ്രൂപ്പ് 50000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പനി തീരുമാനത്തോട് രൂക്ഷമായാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്.
സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് നിരവധി ഇന്ത്യക്കാരെ പ്രയാസത്തിലാക്കുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളില്‍ ഒന്നായ ബിന്‍ലാദന്‍ ഗ്രൂപ്പ് 50000 വിദേശ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കമ്പനി തീരുമാനത്തോട് രൂക്ഷമായാണ് തൊഴിലാളികള്‍ പ്രതികരിക്കുന്നത്.
വിവിധ തസ്ഥികകളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന് കീഴില്‍ സൗദിയില്‍ തൊഴിലെടുക്കുന്നുണ്ട്. ഭൂരിഭാഗം സാധാരണ തൊഴിലാളികളും ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ മാസങ്ങള്‍ക്ക് മുമ്പേ കമ്പനിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയിരുന്നു. മാര്‍ച്ച് പകുതിയോടെ നടപടികള്‍ ശക്തമായി. അതോടൊപ്പം തൊഴിലാളികള്‍ക്ക് നാല് മാസത്തോളെ ശമ്പളം ലഭിക്കുന്നത് മുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ വാരം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പിരിച്ചുവിട്ടവരുടെ വിസയും കമ്പനി ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കമ്പനിയില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ തങ്ങള്‍ രാജ്യം വിടില്ലെന്നാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ തീരുമാനം. തങ്ങളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി മാസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവരില്‍ അധികവും. ചില ദിവസങ്ങളില്‍ തൊഴിലാളികള്‍ ഒന്നിച്ചു പണിമുടക്കുന്ന ഘട്ടങ്ങളിലേക്ക് വരെ പ്രശ്‌നം എത്തിയിരുന്നു.
മക്കയിലെ മസ്ജിദുല്‍ ഹറാമിലെ ക്രയിന്‍ ദുരന്തത്തിന് ശേഷം ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ കരാറുകള്‍ സൗദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ നിലവില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിന് കീഴില്‍ ജോലിയെടുക്കുന്നുണ്ട്. ഹറം വിസകന പദ്ധതിയിലാണ് നിരവധി മലയാളികള്‍ പണിയെടുക്കുന്നത്. ഈ ഹജ്ജിന് മുമ്പായി ഹറം പദ്ധതികള്‍ ഏതാണ്ട് പൂര്‍ത്തിയാവും. അതോടു കൂടി ആയിരക്കണക്കിന് മലയാളികള്‍ക്കും തൊഴില്‍ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവില്‍ വരാന്‍ പോകുന്നത്.